ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജനുവരി 3

എളുപ്പത്തില്‍ ഡല്‍ഹി പിടിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകനായി തുടങ്ങിയതാണ് നരേന്ദ്രമോഡി. പിന്നെ ബി.ജെ.പിയില്‍ സ്വാധീനമുറപ്പിച്ച സഞ്ജയ് ജോഷിയോടേറ്റ് പരാജിതനായി ഡല്‍ഹിയിലേക്ക് നിഷ്‌കാസനം ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനു നേര്‍ക്ക് ഒളിയുദ്ധം നടത്തി ഗുജറാത്തിന്റെ മണ്ണില്‍ തിരിച്ചെത്തി ചെങ്കോലേറ്റുവാങ്ങി. അവിടെ സ്വന്തം കാലുറപ്പിച്ചുനിര്‍ത്താന്‍ മോഡി സ്വീകരിച്ച മുഖ്യമാര്‍ഗം അക്രമാസക്ത ഹിന്ദുത്വ വര്‍ഗീയതയുടെ അസുരതാണ്ഡവമായിരുന്നു.

അങ്ങനെയാണ് 2002ലെ വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടത്. നേരത്തെ തന്നെ വര്‍ഗീയമായി വിഭജിക്കപ്പെട്ടിരുന്ന ഗുജറാത്ത് ജനതയെ കൂടുതല്‍ അകറ്റുകയും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണംഉറപ്പാക്കുകയും ചെയ്തപ്പോള്‍ അവിടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മോഡിക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്‍ബലത്തില്‍ വംശഹത്യയെ മോഡി ന്യായീകരിച്ചു. ആസൂത്രിതമായ കലാപങ്ങളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ചേരിതിരിവും അധികാരത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്ന സംഘപരിവാറും ന്യായീകരണത്തില്‍ പിന്നിലായില്ല.

ഗുജറാത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മരണത്തിന്റെ വ്യാപാരി എന്ന പ്രതിച്ഛായ മോഡിയെ വേട്ടയാടിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ തന്റെ സാധ്യതകളെ ഇത് ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഈ വിരാട് പുരുഷന്‍ തന്നെയായിരുന്നു.

പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏറ്റവുമൊടുവില്‍ മോഡി പുറത്തെടുത്ത വിദ്യയാണ് സദ്്ഭാവനാ ദൗത്യവും ഉപവാസ പരമ്പരയും. ഏതെങ്കിലും അവയവത്തിന് രോഗാവസ്ഥയുണ്ടെങ്കില്‍ ആ ശരീരം ആരോഗ്യമുള്ളതാണെന്ന് പറയില്ലെന്ന സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തന്റെ ഭരണകൂടം നിശ്ചയമായും പരിഗണിക്കുമെന്ന സൂചന നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഗുജറാത്തിലെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടല്ല, മറിച്ച് രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങളെയും ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോള്‍തന്നെ വര്‍ഗീയവാദത്തെ തള്ളിപ്പറയുന്ന പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ്.

സദ്ഭാവനക്കും ഉപവാസ പരമ്പരക്കും മുമ്പ് പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏതെങ്കിലും മാര്‍ഗം അവലംബിക്കപ്പെട്ടോ എന്ന ആലോചന കൂടി നടത്തേണ്ടതുണ്ട്. മലയാളിയായ ജാവീദ് ഗുലാം ശൈഖും (പ്രാണേഷ്‌കുമാര്‍ പിള്ള), ഇശ്‌റത്ത് ജഹാനിും അടക്കം നാലുപേര്‍ വെടിയേറ്റുമരിച്ച ഏറ്റുമുട്ടല്‍ ഗുജറാത്തിലെ പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രത്യേക അന്വേഷണസംഘം സംസ്ഥാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടി വേണം ഈ ആലോചന.

2004 ജൂണ്‍ 15ന് പുലര്‍ച്ചെ അഹമ്മദാബാദ് നഗരത്തിനു സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഈ നാലുപേരെ വധിച്ചുവെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം അറിയിച്ചിരുന്നത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നു ഇവരെന്നും വിശദീകരിച്ചു. പൂനെയില്‍ കോജേള് വിദ്യാര്‍ഥിനിയും ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയുമായിരുന്ന ഇശ്‌റത്തിന് ലഷ്‌കറുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ അന്നും ഇന്നും ഹാജരാക്കപ്പെട്ടിട്ടില്ല. കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തശേഷം പൂനെയില്‍ സ്ഥിരതാമസമാക്കിയ ജാവീദ് ശൈഖിന് ലഷ്‌കരെ ത്വയ്യിബയുമായി എന്താണ് ബന്ധമെന്നും വ്യക്തമാക്കിയിട്ടില്ല.

അന്നുതന്നെ ഇത്തരം ചോദ്യങ്ങളുയര്‍ന്നിരുന്നുവെങ്കിലും നരേന്ദ്ര മോഡിയെന്ന മുഖ്യമന്ത്രിയെ വധിക്കാനെത്തിയ ലഷ്‌കര്‍ പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയെന്ന വലിയ വാര്‍ത്തയുടെ മുന്നില്‍ ഈ സംശയങ്ങള്‍ അവഗണിക്കപ്പെട്ടു. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങള്‍. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ യുവാവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് ആദ്യത്തെ വാര്‍ത്ത. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കൂടി നിരത്തി പോലീസ് കഥ വിശദീകരിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ പഴുതുകളില്ലായിരുന്നു.

സുഹ്്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിക്ക് എന്തു സംഭവിച്ചുവെന്ന് ആരും ചോദിച്ചില്ല. ഇയാള്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന് എന്തൊക്കെ തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ടെന്ന് ആരും അന്വേഷിച്ചതുമില്ല. മോഡിയെ വധിക്കാനെത്തിയ ഭീകരനെ പോലീസ് കൊലപ്പെടുത്തിയത് ന്യായീകരിക്കപ്പെടുകയായിരുന്നു. സഹോദരന്‍ റുജാബുദ്ദീന്‍ ശൈഖ് നടത്തിയ നിയമയുദ്ധവും രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ തുള്‍സി റാം പ്രജാപതി കോടതിയിലേക്ക് എഴുതിയ കത്തുമില്ലായിരുന്നുവെങ്കില്‍ സുഹ്്‌റാബുദ്ദീന്‍ ശൈഖ് ലഷ്‌കരെ ത്വയ്യിബയുടെ ഏജന്റായി തുടരുകയും മോഡിയെ വധിക്കാന്‍ നടന്ന ശ്രമമായി അത് അംഗീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.

തുള്‍സി റാം പ്രജാപതിയെ ഇല്ലാതാക്കിയത് ഗുജറാത്ത് -രാജസ്ഥാന്‍പോലീസിലെ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച മറ്റൊരു ഏറ്റുമുട്ടലിലൂടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നുമുള്‍പ്പെടെ 2003 മുതല്‍ 2006 വരെയുള്ള കാലത്ത് ഗുജറാത്തില്‍ നടന്ന 21 ഏറ്റുമുട്ടലുകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. ഇവയിലെല്ലാം കൊല്ലപ്പെട്ടത് ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം നരേന്ദ്ര മോഡിയെ വധിക്കുക എന്നതായിരുന്നുവെന്നാണ് പോലീസിന്റെ വാദം. ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായാണ് ഇവര്‍ മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും വിശദീകരിക്കപ്പെട്ടു. 2002ലെ വംശഹത്യ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രതികാരത്തിന്റെ ജ്വാല ഉയര്‍ത്തിയിട്ടുമ്ടാകും.

അന്വേഷണം നിഷ്പക്ഷമായി നടക്കാതിരിക്കുകയോ കേസുകള്‍ അട്ടിമറിക്കപ്പെടുകയോ ചെയ്തപ്പോള്‍ അത് ആളിക്കത്തിയിട്ടുണ്ടാകും. അങ്ങനെ ആളിക്കത്തിയവരില്‍ ചിലര്‍ ഉന്‍മൂലനത്തിലൂടെ പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടാകും. ഹിന്ദുത്വന വര്‍ഗീയ വാദത്തോട് യോജിക്കാത്ത ഒരാളുടെ മനസില്‍ പോലും യുക്തിസഹമായി ഉരുവമെടുക്കാനിടയുള്ളതാണ് ഈ ചിന്ത. എന്നാല്‍ ഇതൊന്നുമല്ല സംഭവിച്ചത് എന്നാണ് ഇശ്‌റത്ത് ജഹാന്‍, സുഹ്്‌റാബുദ്ദീന്‍ ശൈഖ് കേസുകള്‍ പറഞ്ഞുതരുന്നത്.

ഇശ്‌റത്ത് ജഹാനെയും ജാവീദ് ശൈഖിനെയും പൂനെയില്‍നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റായിരുന്ന എസ് പി. തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട അംജദ് അലി റാണയും സീഷന്‍ ജോഹറും നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. നാലുപേരെയും കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെട്ടു. പൂനെയില്‍നിന്ന് ഇശ്‌റത്തിനെയും ജാവീദിനെയും പിടികൂടണമെങ്കില്‍ ഗുജറാത്ത് പോലീസിന് സ്വാഭാവികമായും മഹാരാഷ്ട്ര പോലീസിന്റെ സഹായം വേണം.

സുഹ്്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും അറസ്റ്റുചെയ്യുന്നത് ആന്ധ്രാപ്രദേശില്‍നിന്നാണ്. കൊലപ്പെടുത്താന്‍ സഹായിച്ചവരില്‍ രാജസ്ഥാന്‍ പോലീസിലെ ഉദ്യോഗസ്ഥരുണ്ട്. ഇവിടെ മൂന്ന് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ ഉള്‍പെട്ടിരിക്കുന്നു. ഇന്ത്യയിലെ പോലീസ് സംവിധാനത്തില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം (വര്‍ഗീയ സംഘര്‍ഷങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്). ധന, അധികാര ആര്‍ത്തിയും കുറ്റവാസനയും ചേര്‍ന്നതാണ് ഈ ഐക്യപ്പെടലിന് ഒരു കാരണം.

രാഷ്ട്രീയ നേതൃത്വത്തിന്റെ സഹകരണത്തോടെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പിടിച്ചുപറി സംഘത്തില്‍ അംഗമായിരുന്നു സുഹ്്‌റാബുദ്ദീനെന്നും തങ്ങള്‍ക്കെതിരായ തെളിവായി പിന്നീട് മാറുമെന്ന ഭയത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഒരു വാദം. നരേന്ദ്ര മോഡിയുടെ എതിര്‍ചേരിയില്‍ നിന്ന ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതിനു പിറകില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടാണ് സുഹ്്‌റാബുദ്ദീനെ ഇല്ലാതാക്കിയത് എന്ന് മറ്റൊരു വാദം.

രണ്ടാണെങ്കിലും കൊലപ്പെടുത്തിയ ശേഷം നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനായി സുഹ്്‌റാബുദ്ദീനെ ചിത്രീകരിച്ചത് എന്തിനെന്ന സംശയം ഉയരുന്നു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ സുഹ്്‌റാബുദ്ദീനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് ആത്മരക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയപ്പോള്‍ അയാള്‍ കൊല്ലപ്പെട്ടുവെന്നും കഥ ചമച്ചാല്‍ വിശ്വാസ്യതക്ക് വലിയ കുറവുണ്ടാകില്ല. സുഹ്്‌റാബുദ്ദീന്‍ ഉള്‍പ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താല്‍ സംശയസാധ്യത കുറയുകയും ചെയ്യും.

എന്നിട്ടും മോഡിയെ ലക്ഷ്യമിട്ടുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പൊരുളെന്ത്? ഇതര ഏറ്റുമുട്ടല്‍ കൊലകളിലെ കാരണങ്ങളും ഇതുതന്നെയായിരുന്നു. നരേന്ദ്ര മോഡിയുടെ പ്രീതി നേടിയെടുത്ത് സര്‍വീസില്‍ സ്ഥാനക്കയറ്റവും വിശിഷ്ടാ സേവാമെഡലുകളും ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നാടകമാണിതെന്നാണ് മുന്നോട്ടുവെക്കുന്ന വിശദീകരണം.

ഇതര സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുവദിക്കാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നിരിക്കെ അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്തിന് ഈ ഉന്മൂലന പ്രക്രിയയുടെ ഭാഗമാകണം? ഉന്മൂലനം പൂര്‍ത്തിയാുക്കുന്നത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരാണെന്നിരിക്കെ ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മെഡലുകളൊന്നും ലഭിക്കില്ല.

പോലീസുദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താത്പര്യം മാത്രമല്ല ഈ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പിറകിലെന്ന് കരുതേണ്ടിവരും. ലഷ്‌കറെ ത്വയ്യിബ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന ഒരു നേതാവെന്ന പരിവേഷം മോഡിക്ക് എന്തു പ്രയോജനം ചെയ്യുന്നുുവെന്ന് ഇവിടെ പരിശോധിക്കേണ്ടിവരും. ഗുജറാത്ത് വംശഹത്യയോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മുന്നില്‍ മാത്രമല്ല മോഡിയുടെ പ്രതിച്ഛായ മോശമായത്. അന്താരാഷ്ട്ര തലത്തിലും വംശവെറിയുടെ പര്യായപദമെന്ന നിലക്ക് മോഡി വ്യവഹരിക്കപ്പെട്ടു. ആഗോള ഭീകരവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ലഷ്‌കറെ ത്വയ്യിബ പലകുറി വധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാല്‍ ഈ പ്രതിച്ഛായാ നഷ്ടം ഏറെക്കുറെ പരിഹരിക്കാനാകുമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാകുമോ?

ഭരണമികവും വികസനരംഗത്തെ നേട്ടവും മുന്‍നിര്‍ത്തി മോഡിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ മിനക്കെടുമ്പോള്‍ സംഘ് പരിവാര്‍ നേരിടുന്ന പ്രതിബന്ധം 2002 ആണ്. ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നത് പ്രശ്‌ന പരിഹാര സൂത്രമായി അവരും കണ്ടിട്ടുണ്ടാകുമോ? വംശഹത്യാ കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കേസുകളും അട്ടിമറിക്കാന്‍ മോഡി സര്‍ക്കാറും സംഘ്പരിവാറും ഇതിനകം നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമല്ല തന്നെ. സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ച 2002 ഫെബ്രുവരി 27ന് വൈകിട്ട് വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയതായി പറയുന്ന ചില പരാമര്‍ശങ്ങളെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തില്‍ മുസ്ലിംകളെ പാഠം പഠിപ്പിക്കണമെന്നും മോഡി പറഞ്ഞുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പറയുന്നത്.

മോഡി ഇങ്ങനെ അഭിപ്രായപ്പെട്ടാലും ഇല്ലെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അധികാരിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നതാണ് ചരിത്രം. അക്രമികളെ തടയാന്‍ അവര്‍ ശ്രമിച്ചില്ല. അക്രമത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും പരസ്പരം ഫോണില്‍ സംസാരിച്ചാണ് കൂട്ടക്കുരുതി വേണ്ടുംവിധത്തില്‍ നടപ്പാക്കിയതെന്ന് ആരോപണമുണ്ട്. വംശഹത്യയില്‍ നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് സാകിയ ജഫ് രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ കുറവല്ലാത്ത വസ്തുതകളുണ്ടെന്നതിന് ഈ ശിപാര്‍ശ തന്നെ തെളിവ്. മോഡിക്ക് വേരുറപ്പിക്കാന്‍ വേണ്ട വിധത്തില്‍ ചോര കൊണ്ട് നിലമൊരുക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തെ ദേശീയ നേതാവാക്കി ഉയര്‍ത്താന്‍ യത്‌നിച്ചുവോ? അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ ഏറ്റുമുട്ടല്‍ കൊലകള്‍? ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്ന ഒരു നേതാവ് എളുപ്പത്തില്‍ ദേശീയ നേതാവായി മാറുമല്ലോ!

ഇത്തരമൊരു ഗൂഢപദ്ധതിയുടെ ഇരയാവുകയായിരുന്നോ ഇശ്‌റത്ത് ജഹാനും ജാവീദ് ശൈഖും പാക്കിസ്ഥാന്‍കാരെന്ന് ആരോപിക്കപ്പെടുന്ന മറ്റു രണ്ടുപേരും? ഇശ്‌റത്തിനും ജാവീദിനും വേണ്ടി പോരാടാന്‍ മാതാവും പിതാവുമുണ്ടായിരുന്നു. തങ്ങളുടെ മക്കള്‍ ഭീകരവാദികളെല്ലെന്ന് സ്ഥാപിക്കാന്‍ അവര്‍ ജീവിതം മാറ്റിവെച്ചു. അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരോ? പേര് ഇതുതന്നെയോ എന്ന് ഉറപ്പില്ല. പാക്കിസ്ഥാന്‍കാരാണെന്ന ഗുജറാത്ത് പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം ആ രാജ്യത്തിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുജറാത്തില്‍നിന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു വിവരവും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇവര്‍ ഭീകരവാദികളാണെന്ന് ഗുജറാത്ത് പോലീസ് തീരുമാനിച്ചത്? അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ മകനെ അന്വേഷിച്ച് അലഞ്ഞ്, വേദനയില്‍ നീറിമരിച്ച ഈച്ചരവാര്യരെപ്പോലെ ചിലര്‍ ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവില്ലേ? അവര്‍ക്ക് നമ്മുടെ ഭരണകൂടങ്ങള്‍ എന്ത് മറുപടി കൊടുക്കും?

(രിസാലയില്‍നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ