ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, മാർച്ച് 31

പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ പദ്ധതി


മലപ്പുറം: ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശീലന പരിപാടികള്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍, ഫാമിലി ഓറിയന്റേഷന്‍ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടതായിരിക്കും പദ്ധതി.
ഇതിനായി ജര്‍മനിയിലെ ഹാംബര്‍ഗ് ആസ്ഥാനമായുള്ള യുനെസ്‌കൊ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ പിന്തുണയോടെ മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്റര്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും മികച്ച തൊഴിലും ജീവിത നിലവാരവും കണ്ടെത്താന്‍ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ പറഞ്ഞു.
ഭാഷാ നൈപുണ്യവും തൊഴില്‍ പരിശീലനവും നല്‍കി അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്താന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്ററിലൂടെ കഴിയും. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെക്കൂടി ഉള്‍പ്പടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴില്‍ പരിശീലനം നല്‍കുന്നതിന് പോളിടെക്‌നിക്, ഐ ടി ഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഇംഗ്ലീഷ് വില്ലേജ്, ലാംഗ്വേജ് റിസോഴ്‌സ് സെന്റര്‍, സ്‌കൂളുകള്‍ തുടങ്ങിയ മഅ്ദിന്‍ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഓട്ടോ മൊബൈല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനൊപ്പം മെക്കട്രോണിക്‌സ് പോലുള്ള പുത്തന്‍ പഠന മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകളുമുണ്ടാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെറുകിട – കുടില്‍ വ്യവസായങ്ങളെയും നിക്ഷേപ രംഗത്തെയും കുറിച്ച് അവബോധമുണ്ടാക്കാനും പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. ഇടക്കാലത്ത് പഠനം അവസാനിപ്പിച്ച പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി പരീക്ഷയെഴുതാനുള്ള സാഹചര്യവുമുണ്ടാക്കും. ഇതോടൊപ്പം, ഗള്‍ഫിനപ്പുറം മറ്റു രാജ്യങ്ങളിലെ ജോലി സാധ്യതകളെപ്പറ്റി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ 9048140233 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ശനിയാഴ്‌ച, മാർച്ച് 30

ഒരു കുമ്പിള്‍ പഞ്ചസാരയുമായി പതിനായിരങ്ങള്‍ പങ്കാളികളായി


മലപ്പുറം: എസ് എസ് എഫ് പഞ്ചസാര സമാഹരണ ദിനമായ ഇന്നലെ ജില്ലയില്‍ പതിനായിരങ്ങളാണ് ഒരു കുമ്പിള്‍ പഞ്ചസാരയുമായി യൂനിറ്റുകളില്‍ പങ്കാളികളായത്.
സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ വിഭവ സമാഹരണം സമ്മേളന പ്രചരണത്തിന്റെ വേറിട്ട കാഴ്ചയായി. രാവിലെ പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ എസ് എസ് എഫ് വിവിധ വിഭവങ്ങളുടെ സമാഹരണം പ്രൗഢമായി നടന്നുവെങ്കിലും പഞ്ചസാര സമാഹരണം ആദ്യമായിട്ടാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കുമ്പിള്‍ പഞ്ചസാര പദ്ധതി ജില്ലയില്‍ വന്‍ സമ്മേളന പ്രചരണമാണ് നല്‍കിയത്. ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ശേഖരണം നടക്കും. സെക്ടര്‍ കമ്മിറ്റികള്‍ 30ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പഞ്ചസാര ശേഖരണം നടത്തി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും
ഇത്‌സംബന്ധിച്ച് ജില്ലാ അവലോകന യോഗത്തില്‍ എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

വെള്ളിയാഴ്‌ച, മാർച്ച് 8

വാര്‍ത്തകള്‍ വരുന്ന വഴി അറിയാമോ ?

മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)വിന്റെ ഭരണകാലം. അക്കാലത്ത്, കൂഫയില്‍ നിയോഗിച്ച അമീറിനെ ചിലര്‍ക്ക് ഇഷ്ടമില്ലാതെ വന്നു. അവര്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. അതിനു കണ്ടെത്തിയ മാര്‍ഗം ഒരു വ്യാജ കത്ത് ചമയ്ക്കുക എന്നതായിരുന്നു. അവര്‍ ഖലീഫയുടെ പേരില്‍ കള്ളക്കത്തുണ്ടാക്കി കൂഫക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഖലീഫയുടെ വ്യാജ സീല്‍ പോലും പതിച്ച് നാട്ടുകാരെ കബളിപ്പിക്കുന്ന വിധം വിദഗ്ധമായിരുന്നു കത്ത്.
കത്തുകിട്ടിയതോടെ കൂഫയിലെ അമീറിനെ അനുകൂലിക്കുന്ന ചിലര്‍ പ്രകോപിതരായി. അവര്‍ എടുത്തുചാടി ഖലീഫ ഉസ്മാന്‍ (റ)വിന്റെ വീട് വളഞ്ഞു. സത്യത്തില്‍ അങ്ങനെയൊരു കത്ത് ഖലീഫ അയച്ചിരുന്നില്ല. ആ കാര്യം ഉസ്മാന്‍ (റ) വ്യക്തമാക്കിയിട്ടും അവര്‍ വസ്തുതകളന്വേഷിക്കാതെ ഖലീഫക്കെതിരെ തന്നെ നീങ്ങി. ഇവരുടെ ഈ നീക്കമാണ് സാത്വികനും മഹാനുമായ ഉസ്മാന്‍ (റ) കൊല്ലപ്പെടാനിടയാക്കിയത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈ ചരിത്രസംഭവം.
നബി (സ) ‘വാര്‍ത്ത’യെക്കുറിച്ച് സുവ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ”വാര്‍ത്തകളില്‍ വെച്ച് ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ഊഹങ്ങളില്‍ നിന്നുണ്ടാകുന്ന വാര്‍ത്തകളാണ്”- എന്നാണ് നബിവചനം. വിശുദ്ധ ഖുര്‍ആന്‍ തന്നെയും വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഓ, വിശ്വാസികളേ, വല്ല ദുഷ്ടമാനസനും നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക”- (അല്‍ അന്‍ആം) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സാര്‍വജനീനവും സാര്‍വലൗകികവുമായ ഈ മുന്നറിയിപ്പുകള്‍ എക്കാലവും പ്രസക്തമാണ്. ഇക്കാലത്ത് വിശേഷിച്ചും. ഊഹങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും വാര്‍ത്തകളായി വരുന്നു എന്നത് മാത്രമല്ല നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അത് അങ്ങനെ പ്രചരിപ്പിക്കപ്പെടുകയും ആ അസത്യങ്ങളെ അടിത്തറയാക്കി അതിനു മുകളില്‍ അലോസരങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു എന്നതാണ്. പലപ്പോഴും കലാപങ്ങള്‍ക്ക് തന്നെ കാരണമായിട്ടുണ്ട് അത്തരം വാര്‍ത്തകള്‍.
ഗുജറാത്തിലെ കുപ്രസിദ്ധമായ വംശഹത്യാ സമയത്ത് രണ്ട് പ്രാദേശിക പത്രങ്ങള്‍ വഹിച്ച പങ്ക് ഒരു ഉദാഹരണം. കര്‍ണാടകയിലും കേരളത്തിലും അടുത്ത കാലത്ത് അസ്വസ്ഥത പടര്‍ത്തിയ ‘ലൗ-ജിഹാദ്’ കൂടുതല്‍ വ്യക്തമായ മറ്റൊരു ഉദാഹരണം.
വാര്‍ത്താവിനിമയ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിക്കുംതോറും നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശുദ്ധിയില്‍ നിന്ന് അകന്നുപോവുകയാണെന്നു വേണം കരുതാന്‍. നമ്മുടെ നാട്ടില്‍ അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രവണതക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍, കോടതി, അങ്ങനെയങ്ങനെ എല്ലാവര്‍ക്കും വാര്‍ത്തകളില്‍ അവിശ്വാസമാണ്. എന്തുകൊണ്ടാണിത് എന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തകള്‍ വരുന്ന വഴി ഏതാണ് എന്ന് അന്വേഷിക്കാതെയാണ് ആ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ അതുകാരണം ഒരു ജനസമൂഹം ആപത്തില്‍പ്പെടും. പിന്നീട് എല്ലാവരും ഖേദിക്കേണ്ടതായും വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അതിനായി പ്രാര്‍ഥിക്കട്ടെ.

മഅദനിക്ക് ഇടക്കാലജാമ്യം


ബാംഗ്ലൂര്‍:  ബംഗലരു ബോംബ് സ്‌ഫോടനക്കേസ്സില്‍ ആരോപണവിധേയനനായി ജയിലില്‍ കഴിയുന്ന  പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍  മഅ്്ദനിക്ക് ഇടക്കാലജാമ്യം. എട്ട് മുതല്‍ 12വരെയാണ് പരപ്പന അഗ്രഹാര പ്രത്യേക കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചത്. മകളുടെ നിക്കാഹില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിച്ചാണ് കോടതി  ഇടക്കാലജാമ്യം അനുവദിച്ചത്.
മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു        ദിവസത്തേക്ക് സ്വന്തം ചിലവില്‍ പോലിസ് ബന്തവസ്സോടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് അഡ്വ. ഉസ്മാന്‍ വഴി നല്‍കിയ ഹരജിയില്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നത്. മഅദനിയെ കേരളത്തിലേക്ക് കൊണ്ട് വരുന്ന കാര്യം കേരളാ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു.
അസുഖബാധിതനായ പിതാവിനെ കാണാനും മഅദനിക്ക് അനുമതിയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ്  മഅദനി കേരളത്തിലെത്തുക. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു.
മഅദനിക്ക് ജാമ്യം നല്‍കുന്നതിന് എതിരായി ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവായ മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഈ കേസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ വേണ്ടി വന്നതായും  കേരളത്തിലേക്കു പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ ഈ വാദങ്ങള്‍ കോടതി സ്വീകരിച്ചില്ല.
മാര്‍ച്ച് പത്തിനാണ് മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറയുടെ വിവാഹം നടക്കുന്നത്. ഉപ്പയെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിലെ സുപ്രധാനസംഭവമാണ് വിവാഹം. അത് ഉപ്പ തന്നെ നടത്തിത്തരണമെന്നാണ് ഒരോ പെണ്‍കുട്ടിയും ആഗ്രഹിക്കുക. ഒരു വാപ്പയെന്ന നിലയില്‍ മഅ്ദനിക്ക് ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും അത്. അതിന് അവസരമൊരുക്കി സര്‍ക്കാറും കോടതിയും കരുണ കാണിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.
മഅ്ദനിയുടെ ആദ്യ ഭാര്യയായ ഷഫിന്‍സയുടെ മകളാണ് ഷമീറ. ഒരു സ്വകാര്യകമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് ഷമീറ. ആലുംകടവ് നമ്പരുവികാല ഷിഹാബ് മന്‍സിലില്‍ സിദ്ദീഖ്കുഞ്ഞിന്റെ മകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ നിസാമാണ് വരന്‍. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്.