ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28

വൃക്കയും ആരോഗ്യവും

വൃക്കരോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വൃക്ക മാറ്റിവെക്കലുള്‍പ്പെടെ നിരവധി ചികിത്സാരീതികള്‍ ലഭ്യമാണെങ്കിലും രോഗിക്കും കുടുംബത്തിനും നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവും നിസ്സാരമല്ല. യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും നടപടിക്രമങ്ങളുടെ നൂലാമാലകളും കാരണം വൃക്ക മാറ്റിവെക്കലിന് കാത്തിരിക്കുന്ന രോഗികള്‍ നിരവധിയാണ്. മറ്റേതൊരു രോഗത്തിലുമെന്നപോലെ ഇവിടെയും പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല പോംവഴി. ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും ജാഗ്രത പുലര്‍ത്തുന്നതിലൂടെയും വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം. രോഗനിര്‍ണയം മനുഷ്യശരീരത്തില്‍ രണ്ടു വൃക്കകളാണുള്ളത്. ഒന്നിന്റെ പ്രവര്‍ത്തനം തകരാറിലായാലും മറ്റേതിന്റെ സഹായത്തോടെ ശാരീരിക പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വൃക്കരോഗങ്ങള്‍ പലപ്പോഴും വൈകിയേ കണ്ടുപിടിക്കപ്പെടാറുള്ളൂ. അപ്പോഴേക്കും രണ്ടു വൃക്കകളും പൂര്‍ണമായും തകരാറിലായിട്ടുണ്ടാവും. ഈ സാഹചര്യം ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതിനാല്‍ എത്രയും നേരത്തെ രോഗനിര്‍ണയം നടത്തണം. ആദ്യ ലക്ഷണങ്ങള്‍ മുഖത്തോ കാലിലോ നീര്, മൂത്രത്തിന്റെ അളവിലും നിറത്തിലും വ്യതിയാനം, നടക്കാനും കയറ്റം കയറാനും കോണിപ്പടി കയറാനും ബുദ്ധിമുട്ട് മുതലായവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാവാം. എന്നാല്‍, മിക്കവരും ഇവയെ ക്ഷീണമെന്നോ അമിതാധ്വാനമെന്നോ വ്യാഖ്യാനിച്ച് അവഗണിക്കുകയാണ് പതിവ്. രോഗം മൂര്‍ച്ഛിച്ചാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ചിലപ്പോള്‍ കടുത്ത ശ്വാസംമുട്ടലായിരിക്കും അനുഭവപ്പെടുന്നത്. മറ്റു ചിലര്‍ക്ക് ഛര്‍ദിയായിരിക്കും ലക്ഷണം. നിര്‍ത്താതെയുള്ള ഇക്കിള്‍, കടുത്ത ചൊറിച്ചില്‍, വിളര്‍ച്ച, കണ്ണുകളില്‍ രക്തസ്രാവം, എല്ലുകള്‍ ഒടിയുക തുടങ്ങി മനസ്സിന്റെ സമനില തെററിയതുപോലെയുള്ള പെരുമാറ്റംവരെ വൃക്കരോഗ ലക്ഷണമാവാം. നേരത്തെ കണ്ടെത്താം പതിവായുള്ള ക്ലിനിക്കല്‍ പരിശോധനകളിലൂടെ നേരത്തെത്തന്നെ രോഗനിര്‍ണയം സാധ്യമാണ്. മൂത്രത്തിന്റെയും രക്തത്തിന്റെയും സാധാരണ പരിശോധനകളില്‍തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്താനാവും. മൂത്രത്തില്‍ ആല്‍ബുമിന്‍, പ്രോട്ടീന്‍, യൂറിയ, ക്രിയാറ്റിനിന്‍ മുതലായവയുടെ അളവ് പരിശോധിക്കുക പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കാലിലും മുഖത്തും നീര്, വിളര്‍ച്ച, കുടുംബത്തില്‍ പാരമ്പര്യമായി വൃക്കരോഗബാധ തുടങ്ങിയവ ഉള്ളവര്‍ ഇടയ്ക്കിടെ ഇത്തരം പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇത്തരക്കാര്‍ ഭക്ഷണനിയന്ത്രണം ശീലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുകയും വേണം. വൃക്കകളുടെ അള്‍ട്രാസൗണ്ട് പരിശോധന നടത്തുന്നതും രോഗനിര്‍ണയത്തിന് സഹായകമാണ്. വൃക്കകളെ തകരാറിലാക്കുന്ന സാഹചര്യങ്ങള്‍ വൃക്കരോഗത്തിലേക്ക് നയിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, മലമ്പനി, ചില ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ മുതലായവ ഉദാഹരണങ്ങളാണ്. ചില മരുന്നുകളും വൃക്കകളെ തകരാറിലാക്കാം. വേദനസംഹാരികള്‍, മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിഷമാണ് വൃക്കകളെ ബാധിക്കുന്ന മറ്റൊരു ഘടകം. പാമ്പ്, തേള്‍, എട്ടുകാലി മുതലായവയുടെ കടിയേല്‍ക്കുന്നവരില്‍ വിഷം വൃക്കകളെ തകരാറിലാക്കാറുണ്ട്. കീടനാശിനികള്‍, ആസിഡുകള്‍, ആല്‍ക്കഹോള്‍ തുടങ്ങിയ രാസവസ്തുക്കള്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നതും വൃക്കകളെ ബാധിക്കും. പ്രമേഹവും രക്താതിമര്‍ദവും രക്താതിമര്‍ദവും വൃക്കരോഗങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. രക്തസമ്മര്‍ദം അധികമാവുന്നത് വൃക്കകളെ തകരാറിലാക്കും. വൃക്കരോഗങ്ങള്‍ രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. പ്രമേഹമാവട്ടെ, നേരിട്ട് വൃക്കകളെ ബാധിക്കുക മാത്രമല്ല ചെയ്യുന്നത്. ഹൃദയത്തെയോ കരളിനെയോ പിടികൂടും. അതും വൃക്കകളുടെ തകരാറിലേക്ക് നയിക്കും. ജീവിതശൈലീ ക്രമീകരണങ്ങള്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും ശരിയായ ക്രമീകരണങ്ങള്‍ വരുത്തുന്നതിലൂടെ വൃക്കരോഗങ്ങളില്‍ നല്ലൊരു പങ്ക് തടയാനാവും. പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കാവുന്നതാണ്. എന്നാല്‍, വൃക്കരോഗമുള്ളവര്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. പൊട്ടാസ്യത്തിന്റെയും മാംസ്യത്തിന്റെയും അളവ് കൂടുന്നത് വൃക്കകള്‍ക്ക് കൂടുതല്‍ അധ്വാനം വരുത്തിവെക്കും. ധാരാളം വെള്ളം കുടിക്കുന്നതും വൃക്കരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവരും അമിതവണ്ണമുള്ളവരും കൂടുതല്‍ വെള്ളം കുടിക്കണം. അതേസമയം വൃക്കരോഗമുള്ളവര്‍ വളരെ നിയന്ത്രിതമായ അളവിലെ വെള്ളം കുടിക്കാന്‍ പാടുള്ളു. ശരീരത്തിലെ ലവണാംശം നിയന്ത്രിക്കുന്നതില്‍ വൃക്കകള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. അതിനാല്‍ പ്രമേഹവും രക്താതിമര്‍ദവും ഉള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം. മദ്യമാണ് മറ്റൊരു വില്ലന്‍. മദ്യം വൃക്കകള്‍ക്ക് കാര്യമായ തകരാറുണ്ടാക്കും. അതുപോലെത്തന്നെ പുകവലിയും. അനുബന്ധ രോഗങ്ങളായ ഹൃദ്രോഗവും പ്രമേഹവും രക്താതിമര്‍ദവും തടയുക എന്നതാണ് മറ്റൊരു കാര്യം. ഇവ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ വൃക്കകളും സുരക്ഷിതമായിരിക്കും. ഇതിനാവശ്യമായ ജീവിതശൈലീ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നത് വൃക്കകളെയും രക്ഷിക്കും.

വ്യാഴാഴ്‌ച, ഒക്‌ടോബർ 20

ബി.എസ്.എഫ്. ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു



ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് ബി.എസ്.എഫിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ക്യാപ്റ്റന്‍ കെ.വി. തോമസ് (52), ക്യാപ്റ്റന്‍ എസ്.പി. സിങ്, ടെക്‌നീഷ്യന്‍ മനോജ്കുമാര്‍ സ്വെയ്ന്‍ എന്നിവരാണ് മരിച്ചത്. പവന്‍ഹന്‍സ് കമ്പനി ജീവനക്കാരനാണ് മരിച്ച തോമസ്.ബുധനാഴ്ച രാവിലെ ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷമാണ് അപകടമുണ്ടായത്.

മാവോവാദി സ്വാധീനമേഖലയായ റാഞ്ചിയില്‍ നിന്ന് ബി.എസ്.എഫിന്റെ ദൗത്യത്തിനായി ഛായിബാസയിലേക്ക് പുറപ്പെട്ട ധ്രുവ് ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാവിലെ 8.30-ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 8.55-ന് വടക്കന്‍ റാഞ്ചിയിലെ ഖുണ്ഡി വനമേഖലയിലാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് കരുതുന്നത്. സേനയുടെ മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നതാണ് തകര്‍ന്ന ഹെലികോപ്റ്റര്‍.

അപകടം നടക്കുമ്പോള്‍ 3500-4000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റര്‍ പറന്നിരുന്നത്. അതിനാല്‍ മാവോവാദി ആക്രമണമാവാന്‍ സാധ്യതയില്ലെന്ന് ജാര്‍ഖണ്ഡ് പോലീസ് വക്താവ് ആര്‍.കെ. മാലിക് പറഞ്ഞു. എന്നാല്‍ വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിനുശേഷമേ യഥാര്‍ഥ കാരണം പറയാനാകൂ. ഹെലികോപ്റ്റര്‍ വീണത് വനത്തിനുള്ളിലായതിനാല്‍ മറ്റ് ആളപായങ്ങള്‍ ഉണ്ടായിട്ടില്ല. മാവോവാദി വിരുദ്ധ പോരാട്ടം നടത്തുന്ന സി.ആര്‍.പി.എഫ്. സംഘവും ഇന്ത്യന്‍ വ്യോമസേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തി.

കരസേനയില്‍ നിന്ന് ലഫ്. കേണലായി 2000-ല്‍ വിരമിച്ച കെ.വി. തോമസ് ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17 ഡി. 55-ലാണ് താമസിച്ചിരുന്നത്. അതിനുശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പവന്‍ഹന്‍സില്‍ ചേരുന്നത്. ശ്രീനഗറിലെ ദൗത്യത്തിനുശേഷം കഴിഞ്ഞ മാസമാണ് റാഞ്ചിയിലേക്ക് പോയത്. മൂവാറ്റുപുഴ കോട്ടയ്ക്കല്‍ കുടുംബാംഗമായ തോമസ് കഴക്കൂട്ടം സൈനിക് സ്‌കൂളിലാണ് പഠിച്ചത്. ഡല്‍ഹിയിലെ വസന്ത്‌വിഹാര്‍ ഹോളി ചൈല്‍ഡ് ഒക്‌സിലിയം സ്‌കൂള്‍ അധ്യാപിക ആനി തോമസാണ് ഭാര്യ. മക്കള്‍: ജോര്‍ജ് കോട്ടയ്ക്കല്‍, റാഫേല്‍ കോട്ടയ്ക്കല്‍ (ഇരുവരും ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കെ.വി. അഗസ്റ്റിന്‍, കെ.വി. ജോസ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാലിന് ഡല്‍ഹിയില്‍ എത്തിക്കും.

ബുധനാഴ്‌ച, ഒക്‌ടോബർ 12

കേരളത്തില്‍ സൗദി കോണ്‍സുലേറ്റ് പരിഗണനയില്‍-അംബാസഡര്‍



തിരുവനന്തപുരം: സൗദിഅറേബ്യയുടെ കോണ്‍സുലേറ്റ് കേരളത്തില്‍ തുറക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍ സഖര്‍ സുലൈമാന്‍ കുര്‍ഷി അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിന് നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ നോര്‍ക്ക റൂട്ട്‌സിന് ഐ.ഡി. കാര്‍ഡ് നല്‍കും. സൗദിയിലേക്ക് നോര്‍ക്ക റൂട്ട്‌സിലൂടെ തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുമെന്നും അംബാസഡര്‍ അറിയിച്ചു. സൗദി അറേബ്യന്‍ പെട്രോളിയം കമ്പനിയായ അരാംകോയിലേക്ക് ആവശ്യമായ ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ വാങ്ങാന്‍ താല്പര്യമുണ്ടെന്ന് സൗദി സംഘം അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നു പരിശ്രമിച്ചുനോക്കാം


ചൊവ്വാഴ്ച, ഒക്‌ടോബർ 11

സൂക്ഷിക്കുക...

ലോക്പാല്‍: ചര്‍ച്ച പരസ്യമാക്കും

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ തയ്യാറാക്കുന്ന സംയുക്ത സമിതിയുടെ നടപടിക്രമങ്ങളുടെ ശബ്ദരേഖ പരസ്യമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തയ്യാറായി. നടപടികളുടെ ശബ്ദ സി.ഡികള്‍ നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ പേഴ്‌സണല്‍ വകുപ്പ് നേരത്തെ ഇത് നിരസിച്ചിരുന്നു. ശബ്ദം റെക്കോഡ് ചെയ്തത് പരസ്യപ്പെടുത്താന്‍ നിയമമന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇതിന് കാരണം പറഞ്ഞത്.
                 ഗാന്ധിയന്‍ അണ്ണ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഏപ്രിലില്‍ നടത്തിയ നിരാഹാര സമരത്തിനു ശേഷമാണ് അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ രൂപവത്കരിക്കാന്‍ സംയുക്ത സമിതിയുണ്ടാക്കിയത്. ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ യോഗങ്ങളും നടപടി ക്രമങ്ങളും ഉള്‍പ്പെടുന്ന ഓഡിയോ സി.ഡി. നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി. അഗര്‍വാളാണ് ആവശ്യപ്പെട്ടത്.
                സര്‍ക്കാറും ഹസാരെ സംഘവും നടത്തുന്ന ചര്‍ച്ചകളുടെ ഓഡിയോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് പേഴ്‌സണല്‍ വകുപ്പ് ചൂണ്ടിക്കാട്ടിയത്. ''കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് സംയുക്ത സമിതി രൂപവത്കരിച്ചത്. സംയുക്ത സമിതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള നിയമകാര്യ വകുപ്പിന് ഇക്കാര്യം വിട്ടുകൊടുക്കുന്നു'' എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പേഴ്‌സണല്‍ വകുപ്പ് മറുപടി നല്‍കിയത്. യോഗങ്ങളുടെ മിനുട്‌സുകള്‍ പേഴ്‌സണല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓഡിയോ നല്‍കാനാവില്ലെന്നു വകുപ്പ് വ്യക്തമാക്കി.
             എന്നാല്‍, 450 രൂപ കൂടി ഫീസായി നല്‍കിയാല്‍ ഓഡിയോ റെക്കോഡ് ചെയ്ത സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് സി. ഡികളിലായാണ് നടപടിക്രമങ്ങള്‍ ചിത്രീകരിച്ചത്. ഇതിന്റെ പകര്‍പ്പെടുക്കാനുള്ള ഫീസാണ് 450 രൂപ. സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അമര്‍ജിത് സിങ്ങാണ് അഗര്‍വാളിനെ അറിയിച്ചത്.
           ഏപ്രില്‍ അഞ്ചു മുതല്‍ ഹസാരെ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് ഏപ്രില്‍ പത്തിനാണ് സമതി രൂപവത്കരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി. ചിദംബരം, അന്നത്തെ നിയമമന്ത്രി വീരപ്പമൊയ്‌ലി, ടെലികോം, മാനവശേഷി മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍. പൊതുസമൂഹപ്രതിനിധികളായി ഹസാരെ, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും സമിതിയിലുണ്ട്.
           ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സര്‍ക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. യോഗങ്ങള്‍ പലപ്പോഴും അലസിപ്പിരിഞ്ഞു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹപ്രതിനിധികളുടെ നിലപാടാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. ബില്ലിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതിന് സംയുക്ത സമിതി നടത്തിയ വിവിധ യോഗങ്ങളുടെയും ചര്‍ച്ചകളുടെയും ശബ്ദ സി. ഡികളാണ് ഇനി പരസ്യമാകുന്നത്.

വിവരാവകാശ നിയമം: വേലികള്‍ ഉയരുമ്പോള്‍


ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍വന്നിട്ട് ആറുവര്‍ഷം തികയുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ടുചെന്ന് ഫയലുകളും മറ്റു രേഖകളും പരിശോധിക്കാനും അവയുടെ പകര്‍പ്പെടുക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഈ നിയമം, സ്വതന്ത്രഭാരതത്തിലെ ഏറ്റവും വിപ്ലവകരമായ നിയമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2 ജി. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങി ഉന്നതങ്ങളില്‍ നടന്ന പല അഴിമതികളും പുറത്തറിഞ്ഞത് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണ്. സാധാരണ ജനങ്ങള്‍ അവരുടെ കാര്യസാധ്യത്തിനായി അധികാരികള്‍ മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷകളും പരാതികളും ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും തീര്‍പ്പാക്കിവരുന്നു എന്നുള്ളതിന് ഈ നിയമത്തോടുംകൂടി കടപ്പെട്ടിരിക്കുന്നു. അതേസമയം, വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സി.ബി.ഐ. (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), എന്‍.ഐ.എ. (നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി) എന്നീ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്.

രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാസ്ഥാപനങ്ങളെയും നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമത്തിലെ 24-ാം വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് സി.ബി.ഐ., എന്‍.ഐ.എ. എന്നിവയെ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 25 കേന്ദ്രസ്ഥാപനങ്ങളെയും കേരളത്തില്‍ എട്ട് സംസ്ഥാന സ്ഥാപനങ്ങളെയും ഈ വകുപ്പുപ്രകാരം നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സി.ബി.ഐ.യും എന്‍.ഐ.എ.യും ഉള്‍പ്പെടെ, ഈ പട്ടികകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള പല സ്ഥാപനങ്ങളും രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളല്ലെന്ന ശക്തമായ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സി.ബി.ഐ.യും എന്‍.ഐ.എ.യും അടിസ്ഥാനപരമായി കുറ്റാന്വേഷണ ഏജന്‍സികളാണ്. സംസ്ഥാനങ്ങളിലെ പോലീസ് സേന നടത്തുന്ന കുറ്റാന്വേഷണത്തിന് സമാനമായ പ്രവര്‍ത്തനമാണ് ദേശീയതലത്തില്‍ ഇവര്‍ നടത്തുന്നത്. എല്ലാ കുറ്റാന്വേഷണ ഏജന്‍സികളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും കൈകാര്യം ചെയ്‌തെന്നിരിക്കും. മുകളില്‍പ്പറഞ്ഞ കുറ്റാന്വേഷണ ഏജന്‍സികളെ കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള കസ്റ്റംസ്, ആദായനികുതി, എകൈ്‌സസ്, വില്പനനികുതി, വനം തുടങ്ങി പല വകുപ്പുകളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കടന്നുവന്നേക്കാം. ഇപ്രകാരം എന്തെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണങ്ങളോ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ നടത്തുന്ന സ്ഥാപനങ്ങളെ 24-ാം വകുപ്പുപ്രകാരം ഒഴിവാക്കാമെന്നുവന്നാല്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഴിവാക്കപ്പെട്ട കേന്ദ്ര സ്ഥാപനങ്ങളുടെ എണ്ണം 2005-ല്‍ 18 ആയിരുന്നത് ഇപ്പേള്‍ 25 ആയി ഉയര്‍ന്നിട്ടുണ്ട്.

സി.ബി.ഐ., എന്‍.ഐ.എ. തുടങ്ങിയ സ്ഥാപനങ്ങളുടെ കൈവശമുള്ള പല വിവരങ്ങളും പുറത്തുനല്‍കുന്നത് രാജ്യതാത്പര്യത്തിന് ദോഷകരമായിത്തീരുമെന്നതാണ് ഈ സ്ഥാപനങ്ങളെ ഒഴിവാക്കിയതിന് ന്യായീകരണമായി പറയുന്നത്. എന്നാല്‍, ഈ വാദത്തില്‍ കഴമ്പില്ലെന്ന് കാണാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, പരമാധികാരം, തന്ത്രപരവും ശാസ്ത്രപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ തുടങ്ങിയവയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ 8 (1) വകുപ്പുപ്രകാരം വെളിപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും വ്യക്തികളുടെ ജീവനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന വിവരങ്ങള്‍, നീതിനിര്‍വഹണവുമായോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട് രഹസ്യമായി ലഭിച്ച വിവരങ്ങള്‍, കുറ്റാന്വേഷണത്തിനോ കുറ്റവാളികളുടെ അറസ്റ്റിനോ പ്രോസിക്യൂഷനോ തടസ്സമാകാവുന്ന വിവരങ്ങള്‍, വിദേശരാജ്യങ്ങളില്‍നിന്ന് രഹസ്യമായി ലഭിച്ച വിവരങ്ങള്‍ തുടങ്ങി രാജ്യതാത്പര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കോളിളക്കം സൃഷ്ടിച്ച പല അഴിമതികളും പുറത്തറിഞ്ഞത്, അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയപ്പോഴാണ്. ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതികളുമായി ബന്ധപ്പെട്ട് ഇനിയും സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ പുറത്തായാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ ധൃതിപിടിച്ച തീരുമാനമെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രസര്‍ക്കാറിലെ തന്നെ പേഴ്‌സണല്‍, നിയമവകുപ്പുകളുടെ എതിരഭിപ്രായത്തെ അവഗണിച്ചുകൊണ്ടാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്. (വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്).

ഭരണഘടനയുടെ 19 (എ) (1) അനുച്ഛേദം രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ചുനല്‍കുന്ന മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തില്‍ അറിയാനുള്ള അവകാശവും അടങ്ങിയിട്ടുണ്ട് എന്ന സുപ്രീംകോടതി വിധിയാണ് വിവരാവകാശ നിയമം യാഥാര്‍ഥ്യമാകാന്‍ സഹായിച്ച പ്രധാന ഘടകം. രാജ്യ താത്പര്യങ്ങള്‍ക്ക് ഹാനികരമാകാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കെ, രാജ്യ താത്പര്യത്തിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അധികാരം നല്‍കുന്ന 24-ാം വകുപ്പിന് നിയമസാധുതയില്ലെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ട്. 24-ാം വകുപ്പിന്റെ നിയമസാധുതയെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു റിട്ട് ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. ഈ റിട്ട് ഹര്‍ജിയിലെ വിധി വിവരാവകാശത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

നിയന്ത്രിക്കാന്‍ എപ്പോഴും ശ്രമം

വിവരാവകാശനിയമം നടപ്പില്‍ വന്നത് 2005 ഒക്ടോബര്‍ 12-നാണ്. അധികം താമസിയാതെ തന്നെ, നിയമത്തിലെ പല വ്യവസ്ഥകള്‍ക്കും തെറ്റായ വ്യാഖ്യാനം നല്‍കി, അവകാശത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ആരംഭിക്കുകയുണ്ടായി. സര്‍ക്കാര്‍ ഫലയുകളില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ (ഫയല്‍ കുറിപ്പുകള്‍ അഥവാ നോട്ടുഫയല്‍) വെളിപ്പെടുത്തേണ്ടതില്ലെന്ന് 2006-ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് ഇതിന് തുടക്കമിട്ടത്. ഇത്തരമൊരു നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമാണെന്ന് ശക്തമായ ആക്ഷേപം ഉണ്ടാകുകയും നിര്‍ദേശം പിന്‍വലിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നു. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പലവട്ടം നീക്കങ്ങള്‍ നടത്തിയെങ്കിലും പൗരസമൂഹം പൊതുവെയും വിവരാവകാശ പ്രവര്‍ത്തകര്‍ വിശേഷിച്ചും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുമൂലം അവ നടക്കാതെ പോയി.

കേരളത്തില്‍

കേരളത്തില്‍, മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, മന്ത്രി പി.ജെ. ജോസഫിന്റെ വിവാദ വിമാനയാത്രയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം, മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ വെളിപ്പെടുത്തുന്നതിനോട് കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന് കടുത്ത വിയോജിപ്പായിരുന്നു. സംസ്ഥാന വിവരാവകാശകമ്മീഷനും ചില കേസുകളില്‍ ഹൈക്കോടതിയും ഇടപെട്ടശേഷമാണ് അപേക്ഷകര്‍ക്ക് വിവരം ലഭിച്ചത്.

സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയും ഫിംഗര്‍പ്രിന്റ് ബ്യൂറോയും രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണമോ സുരക്ഷാപ്രവര്‍ത്തനമോ നടത്തുന്നില്ലെന്നും അവ സംസ്ഥാന പോലീസ് നടത്തുന്ന കുറ്റാന്വേഷണങ്ങള്‍ക്ക് സഹായം നല്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണെന്നുമുള്ള ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ ക്രൈംറെക്കോഡ്‌സ് ബ്യൂറോ, ക്രൈംബ്രാഞ്ച് തുടങ്ങിയ ആറു വിഭാഗങ്ങളെ രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളായി കണക്കാക്കി നിയമത്തില്‍നിന്ന് ഒഴിവാക്കിയത് നിയമാനുസൃതമാണെന്ന് കണക്കാക്കാനാകില്ല. ഒരു സ്ഥാപനത്തിന്റെ ഏതെങ്കിലും വിഭാഗത്തെ മാത്രമായി ഒഴിവാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പരാതികള്‍ക്കിടവരുത്തുകയും ചെയ്യും. സംസ്ഥാന പോലീസിന്റെ വിവിധ ഓഫീസുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പലപ്പോഴും ലഭിക്കുന്ന മറുപടി, ആവശ്യപ്പെട്ട വിവരം ഒഴിവാക്കപ്പെട്ട വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്തിരിക്കുന്നുവെന്നാണ്. ഈ വിധത്തില്‍ വിവരം നിരസിച്ചതിനെക്കുറിച്ചുള്ള അനേകം പരാതികള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്.

കോടതികളില്‍ തടസ്സം

വിവരാവകാശനിയമം ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കേരള ഹൈക്കോടതി രൂപവത്കരിച്ചിട്ടുണ്ട്. കോടതി നടപടികളെയും നയപരമായ കാര്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഈ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

വിവരാവകാശനിയമപ്രകാരം പൗരന്മാര്‍ക്ക് ലഭിക്കാന്‍ അവകാശമുള്ള വിവരങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിച്ച ചട്ടങ്ങളിലൂടെ നിരസിച്ചിരിക്കുന്നത്. ഒരു നിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിക്കേണ്ടതെന്നിരിക്കെ ഇവിടെ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫലത്തില്‍ വിവരാവകാശ നിയമപ്രകാരം കേരള ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സമര്‍പ്പിക്കുന്ന മിക്കവാറും അപേക്ഷകള്‍ ഹൈക്കോടതി ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരസിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ചട്ടങ്ങളെക്കുറിച്ചും ശക്തമായ ആക്ഷേപമാണുള്ളത്.

സംസ്ഥാന നിയമസഭയില്‍ ഒരു സഭാംഗം (ടി.എം. ജേക്കബ്) ചെയ്ത പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെടുകയുണ്ടായി. ഒരു സഭാംഗത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് പുറത്തുനല്കുന്നത് സഭയുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനമാകുമെന്ന് സഭ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം നിരസിച്ചത്. സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുകയോ ജനപ്രതിനിധി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് അവകാശലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. സഭാംഗങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ സഭയില്‍ പ്രസംഗിക്കുന്നത്. ആ പ്രസംഗം ജനങ്ങള്‍ കണ്ടാല്‍ സഭാംഗത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുമെന്നോ സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിന് കോട്ടമുണ്ടാകുമെന്നോ എങ്ങനെയാണ് കരുതുക?

പക്ഷേ, അവകാശലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം നമ്മുടെ ഭരണഘടന അനുസരിച്ച് ബന്ധപ്പെട്ട സഭയ്ക്കായതിനാല്‍ വിവരാവകാശ കമ്മീഷനോ കോടതിക്കോ ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല.

വിവരാവകാശനിയമം പാര്‍ലമെന്റ് ഐകകണേ്ഠ്യന പാസ്സാക്കിയ നിയമമാണ്. കക്ഷിഭേദമെന്യേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ വക്താക്കളാകാറുണ്ട്. എന്നാല്‍, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണം കൈയാളുന്ന അവസരമുണ്ടാകുമ്പോള്‍, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ തടസ്സപ്പെടുത്തുന്ന സമീപനമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനും ശക്തമായി പ്രതിരോധിക്കാനും സാധിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായ വിവരാവകാശത്തിന്റെ ശക്തി ചോര്‍ന്നുപോകാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

വ്യാഴാഴ്‌ച, ഒക്‌ടോബർ 6

ഇനി പേറ്റുനോവിനെ മാത്രം പേടിച്ചാല്‍ പോരാ, കമ്മിഷനേയും പേടിക്കണം

ണ്ടിലേറെ കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക,  കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേക്കോ വീടും  പറമ്പും വിറ്റ് താമസമാക്കുകയായിരിക്കും അവര്‍ക്ക് നല്ലത്.
എന്തിനും ഏതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് എന്ത് തോന്നിയവാസം ചെയ്യാനും  സ്വാതന്ത്ര്യം നല്‍കുകയും അതിന് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഒരു പെണ്ണിന്റെ പ്രസവിക്കാനുള്ള സ്വാതന്ത്ര്യം എടുത്ത് കളയണം എന്നാണ് പോലും ഒരുപറ്റം 'ബുതൂസ് ജീവി'കളുടെ അഭിപ്രായം. ആരാന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് കണക്ക് പറയുന്ന ഇക്കൂട്ടരുടെ സ്ത്രീത്വത്തെ മാനിക്കാത്ത വുമന്‍സ് കോഡ് ബില്ല് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇക്കൂട്ടരുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി അവര്‍ പ്രകാശനം ചെയ്യുകയും ചെയ്തു.
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തടവും പിഴയും, എന്താ മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ എന്ന് ചോദിക്കുന്നവനും പറയുന്നവനും പ്രസംഗിക്കുന്നവനും പ്രത്യേക തടവും പിഴയും, നിയമപരമായി വിവാഹമോചനം തേടി വേറെയൊരു വിവാഹം കഴിച്ചാല്‍ അതിലുണ്ടാകുന്ന കുട്ടിയെ ആരാന്റെ കുട്ടിയായി കണക്കാക്കുക.....

 നാം രണ്ട് നമുക്ക് രണ്ട് മാത്രം എന്ന് വാദിക്കുന്ന വി ആര്‍ കൃഷ്ണയ്യരെ പോലുള്ളവര്‍ക്ക് റിവാര്‍ഡ് നല്‍കുക. മൂന്നാമതെങ്ങാനും ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടിക്ക് ലഭിക്കേണ്ട പണം, ചികിത്സ എന്ന് വേണ്ട മുഴുവന്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക തുടങ്ങിയ വെള്ളരിക്കാ പട്ടണത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമമാണോ എന്ന് തോന്നിപ്പോകുന്ന മുഴുവന്‍ നിയമകുരുക്കുകളും ഇതിലുണ്ട്.
വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ ഈ വുമന്‍സ് കോഡിലെ മുഴുവന്‍ നിയമങ്ങളും വായിച്ചതിനും മനസ്സിലാക്കിയതിനും ശേഷമാണോ അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തത്. അതല്ല, അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചേല്‍പിച്ചതാണോ എന്ന് കേരളത്തിലെ സാധാരണക്കാര്‍ പോലും സംശയിച്ചേക്കാവുന്ന തരംതാഴലിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.
സന്താനോല്‍പാദനം സാധ്യമാകുന്ന പ്രായത്തില്‍ എണ്ണംവെക്കാതെ സന്താനങ്ങളെ ഉല്‍പ്പാദിപ്പിച്ചവരും ജന്മം നല്‍കിയവരും ഇനി ഞങ്ങള്‍ക്ക് മക്കളുണ്ടാവില്ല എന്ന് ബോധ്യമായപ്പോള്‍ വരും തലമുറക്കും വേണ്ട മക്കള്‍ എന്ന കണ്ണുകടിയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനാധിപത്യ രാജ്യത്ത് വിലപ്പോകാത്തതാണ്. കാരണം ഈ ബില്ലില്‍ പറയുന്ന ബഹുഭൂരിഭാഗം നിര്‍ദേശങ്ങളും മനുഷ്യാവകാശത്തിനും മതാവകാശത്തിനും വിഘ്‌നം സൃഷ്ടിക്കുന്നവയാണ്.
ഒരാള്‍ക്ക് എത്ര സന്താനങ്ങള്‍ വേണം എന്ന കാര്യത്തില്‍ ഒരു കമ്മീഷനോ വ്യക്തിയോ ഇടപെടുക എന്നത് സ്വസ്ഥവും സ്‌നേഹനിര്‍ഭരവുമായ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വരെ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിരുധാഭിപ്രായങ്ങള്‍ വിവാഹമോചനത്തില്‍ വരെ എത്തിപ്പെടാറുണ്ട് എന്നത് കുടുംബ കോടതികളില്‍ നിന്നുള്ള വിവാഹമോചന കണക്കുകള്‍ സൂചിപ്പിക്കുന്നു. മസ്തിഷ്‌കം വറ്റിവരണ്ടവര്‍ക്ക് ഇത് മനസ്സിലാകുന്നില്ലെങ്കില്‍ മനസ്സിലാക്കേണ്ട സര്‍ക്കാറെങ്കിലും ഈ കാര്യം മനസ്സിലാക്കണം.
കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന വങ്കത്ത നിര്‍ദേശം നിയമപരമായി വിവാഹമോചനം നടത്തി വേറെയൊരു വിവാഹം കഴിച്ചാല്‍ അതിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി പരിഗണിക്കാന്‍ പാടില്ല എന്നതാണ്. ഏതൊരു തത്വവും തത്വസംഹിതയുമാണ് ഈ നിര്‍ദേശത്തിന് ചേതോവികാരമായത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നിയമപരമല്ലാതെ വിവാഹമോചനം നടത്തിയാല്‍ എന്നാണ് എങ്കില്‍ വിവാഹമോചനം എന്ന ദുര്‍ഗുണത്തെ ഇല്ലാതാക്കാനായിരിക്കാം എന്നെങ്കിലും ആലോചിച്ചെടുത്ത് നമുക്കാശ്വസിക്കാമായിരുന്നു. ഇത് കന്നുകാലികളെപ്പോലും നാണിപ്പിക്കുന്ന നിര്‍ദേശമല്ലേ? ഒരു പശുക്കിടാവിന് അതിന്റെ ജനനത്തിന് കാരണമായിത്തീര്‍ന്ന മൂരിയുടെയോ പോത്തിന്റെയോ സ്‌നേഹം ലഭിച്ചില്ലെങ്കിലും തള്ളപ്പശുവിന്റെ അടങ്ങാത്ത, പിടിച്ചുവെക്കാത്ത സ്‌നേഹവും കാരുണ്യവും ലഭിക്കാറുണ്ട്. എന്നാല്‍ കമ്മീഷനിലെ നിര്‍ദേശപ്രകാരം രണ്ടാം വിവാഹത്തിലുണ്ടാകുന്ന കുഞ്ഞിന് പിതാവിന്റെയോ മാതാവിന്റെയോ സ്‌നേഹം ലഭിക്കില്ല എന്ന് മാത്രമല്ല അത് നല്‍കുന്നതും സ്വീകരിക്കുന്നതും പിഴക്കും തടവിനും കാരണമായിത്തീരുകയും ചെയ്യും. അവിടെ കുഞ്ഞിന്റെ അമ്മ ഒന്നാം വിവാഹക്കാരിയാണോ രണ്ടാം വിവാഹക്കാരിയാണോ എന്ന പരിഗണനപോലും ഉണ്ടാകില്ല.
കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു നിര്‍ദേശം സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താന്‍  ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യമൊരുക്കുക എന്നതാണ്. ഗര്‍ഭഛിദ്രം എന്നത് കേവലം ഒരു വാക്ക് എന്നതിലപ്പുറം മനുഷ്യന്റെ ആദ്യാവസ്ഥയെ കത്രികയും ബ്ലെയ്ഡുമായി ഗര്‍ഭപാത്രത്തില്‍ ചെന്ന് അറുത്ത് മുറിച്ചിടുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ ഒരു പ്രക്രിയ ചെയ്യുക എന്നത് മാനുഷികമായും മതാധിഷ്ഠിതമായും  കുറ്റകരവും പാപവുമാണ്. പ്രപഞ്ച സ്രഷ്ടാവ് മുഴുവന്‍ ജനങ്ങളോടുമായി നിര്‍ദേശിക്കുന്ന പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്റെ നിര്‍ദേശം ഇപ്രകാരമാണ്: 'ദൈവം പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്(17:33)'. 'ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്.
അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു(17:31)'. എന്നീ ദൈവിക കല്‍പനകള്‍ ഗവണ്‍മെന്റിനും കമ്മീഷനുകള്‍ക്കും ജനസംഖ്യാ വര്‍ധനവ് എന്ന ആധിക്ക് ശമനം നല്‍കേണ്ടതുണ്ട്.
ആയതിനാല്‍ മതേതരത്വവും മതസ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ മതചിന്തകള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും എതിരായി വരുന്ന കമ്മീഷനുകളേയും  റിപ്പോര്‍ട്ടുകളേയും അര്‍ഹിക്കുന്ന ഗൗരവത്തില്‍ എതിര്‍ക്കേണ്ടതും തള്ളിക്കളയേണ്ടതും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റിന്റെ ബാധ്യതയാണ്.