ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, സെപ്റ്റംബർ 3

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശനിയമത്തെ ഭയപ്പെടുന്നു

പാലക്കാട് * രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും വിവരാവകാശനിയമത്തെ
ഭയപ്പെടുകയാണെന്ന് വിവരാവകാശത്തിനുള്ള ദേശീയ ജനകീയ ക്യാംപെയിന്‍
(എന്‍സിപിആര്‍ഐ) സെമിനാര്‍. നിയമത്തെ തുരങ്കംവയ്ക്കാനുളള പാര്‍ട്ടികളുടെ
നീക്കം ജനാധിപത്യത്തിലുള്ള  അവരുടെ വിശ്വാസത്തെ ചോദ്യം
ചെയ്യുന്നതാണെന്നും സെമിനാര്‍ വിലയിരുത്തി. പാര്‍ട്ടികളെയും ട്രേഡ്
യൂണിയനുകളെയും എന്‍ജിഒകളെയും വിവരാവകാശനിയമത്തിന്റെ
പരിധിയില്‍കൊണ്ടുവരണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍തന്നെ അവ
ജനാധിപത്യപ്രസ്ഥാനം കൂടിയാണ്. എന്നാല്‍ ജനാധിപത്യക്രമത്തിലൂടെയാണോ അവര്‍
കാര്യങ്ങള്‍ നടത്തുന്നതും ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും
ഗൗരവമായ ചോദ്യമാണ്. വിവരാവകാശനിയമത്തിന്റെ മുനയൊടിക്കാനുള്ള
ഒത്തുകളിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വിവരാവകാശപ്രവര്‍ത്തകരും
ജനാധിപത്യത്തില്‍ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക
സ്വാധീനമാണ് ചെലുത്തുന്നതെന്ന് ദേശീയ ക്യാംപെയിന്‍ സംസ്ഥാന
കോ-ഓര്‍ഡിനേറ്ററും ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
ഗവേഷകനുമായ ഡോ. എബി ജോര്‍ജ്  പറഞ്ഞു.

10 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച പ്രധാന അഴിമതികളെല്ലാം
പുറത്തുവന്നത് ആര്‍ടി നിയമത്തിലൂടെയാണ്. അത് ചില ഉന്നത കേന്ദ്രങ്ങളെ
അലോരസപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്ററി നടപടികളെക്കുറിച്ചു
ജനങ്ങളില്‍ സംശയം ഉയര്‍ന്നു തുടങ്ങിയെന്നാണ്
അടുത്തിടെയുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നത്. പല ബില്ലുകളും നിയമങ്ങളും
ഒത്തുകളിയിലൂടെയാണ് പാസാക്കുന്നത്. ജനാധിപത്യത്തിലും സുതാര്യതയിലും
വിശ്വസിക്കുന്നുവെങ്കില്‍ സ്വന്തം സമ്പാദ്യവും മറ്റും വെളിപ്പെടുത്താന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഭയപ്പെടുന്നത്.

സംസ്ഥാനത്ത് വിവരാവകാശനിയമം കൂടുതലും  ഉപയോഗിക്കുന്നത് പരസ്പരം ആരോപണം
ഉന്നയിക്കാനും  പകതീര്‍ക്കലും ലക്ഷ്യംവച്ചാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍
കൂട്ടമായുളള നീക്കങ്ങളുണ്ടാകുന്നില്ല. വിവരാവകാശനിയമം മികച്ച ഒരു
ഉപകരണമാണ്, ഉപയോഗിച്ചില്ലെങ്കില്‍ അത് തുരുമ്പെടുക്കും. സംസ്ഥാന
വിവരാവകാശകമ്മിഷന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി സെമിനാര്‍
കുറ്റപ്പെടുത്തി. നാലുവര്‍ഷം മുന്‍പ് നല്‍കിയ അപ്പീലുകളില്‍പോലും
നടപടിയുണ്ടായിട്ടില്ല.

സര്‍വോദയസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് പുതുശേരി ശ്രീനിവാസന്‍
അധ്യക്ഷനായിരുന്നു. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫിസര്‍
സി.പി.സവിത, ഡോ. പി.എസ്.പണിക്കര്‍, മേജര്‍ രവീന്ദ്രന്‍, പി.കബീര്‍,
നിജാമുദ്ദീന്‍ മുതലമട, കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
വിവരാവകാശപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാംപെയിനിന് ജില്ലാതലത്തില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍
ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു  സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ
സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്