ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, ജൂലൈ 19

വിവരാവകാശം: തെറ്റായ വിവരം നല്‍കിയതിന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് പിഴ


തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് തെറ്റായ വിവരം നല്‍കിയതിന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക്10,000 രൂപ പിഴ ചുമത്തി. അണ്ടര്‍ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സലീമില്‍ നിന്ന് പിഴ ഈടാക്കാന്‍ സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സിബിമാത്യൂസാണ് ഉത്തരവിട്ടത്. വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരായ സി.ബി.ഐ അന്വേഷണ ശുപാര്‍ശ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി. 

നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ വിജ്ഞാപനം കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ വൈകിയതിന്റെ കാരണം അന്വേഷിച്ചുള്ള അപേക്ഷയിലാണ് ആഭ്യന്തരവകപ്പ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. സലീം തെറ്റായ വിവരം നല്‍കിത്. 

എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനം വൈകിയതിനുള്ള കാരണം വ്യക്തമാക്കാതെ അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയാണ് നല്‍കിയതെന്നാരോപിച്ച് ജോമോന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം. സലീമിനെ വിളിച്ചുവരുത്തി തെളിവെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് പിഴ ചുമത്താന്‍ ഉത്തരവായത്. സര്‍ക്കാര്‍ ഖജനാവിലേക്കാണ് പിഴ അടക്കേണ്ടത്. പിഴ ഒടുക്കിയില്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശനിയാഴ്‌ച, ജൂലൈ 13

സൂക്ഷിക്കുക; ഋഷിരാജ് സിംഗിന്റെ കണ്ണുകള്‍ പിന്നാലെയുണ്ട്‌

കൊച്ചി: മോഹവിലക്ക് 8055 എന്ന നമ്പര്‍ ലേലത്തിനെടുത്ത് BOSS എന്ന് വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച് ഞെളിഞ്ഞു നടക്കുന്നവര്‍ ഇനി സൂക്ഷിക്കുക. ഋഷിരാജ് സിംഗിന്റെ കണ്ണുകള്‍ പിന്നാലയുണ്ട്. പ്രഹസനമായും നിയമവിരുദ്ധമായും തെറ്റിധരിപ്പിക്കുന്ന രീതിയില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നവരെ പിടികൂടാനാന്‍ തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസിന്റെ തീരുമാനം. ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 89ലെ 50, 51 നിയമ പ്രകാരമല്ലാതെ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ ഉടനെ തിരുത്തേണ്ടതാണെന്ന് ഋഷിരാജ് സിംഗ ്‌ഐ പി എസ് അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ പിടികൂടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 89ലെ റൂള്‍ 50, 51 പ്രകാരം രജിസ്‌ട്രേഷന്‍ നമ്പറിലുള്ള അക്ഷരങ്ങള്‍ ഇംഗ്ലീഷിലും അക്കങ്ങള്‍ അറബിക്കിലും ആയിരിക്കണം. രണ്ട് വരിയായി വേണം എഴുതേണ്ടത്. സംസ്ഥാന കോഡും(KL), രജിസ്റ്ററിംഗ് അതോറിറ്റി കോഡും ആദ്യ വരിയിലും ശേഷിക്കുന്നത് രണ്ടാമത്തെ വരിയിലുമായിരിക്കണം. മുന്‍വശത്തെ നമ്പര്‍ ഒരു വരിയില്‍ എഴുതിയാലും മതി. ഇരുചക്ര-മൂന്നുചക്ര വാഹനങ്ങളില്‍ 200X100 മില്ലി മീറ്റര്‍ വലിപ്പത്തിലായിരിക്കണം നമ്പര്‍പ്ലേറ്റ്. മറ്റു വാഹനങ്ങളില്‍ 500X120 മില്ലി മീറ്റര്‍ വലിപ്പത്തിലും. രജിസ്റ്ററിംഗ് കോഡ് രണ്ടക്കത്തില്‍ വേണം എഴുതാന്‍. അക്ഷരങ്ങളും അക്കങ്ങളും ബോള്‍ഡ് ഫോണ്ടായിരിക്കണം. ഫോണ്ടുകളുടെ വലുപ്പത്തിനും നിശ്ചിത അളവുകളുണ്ട്. നമ്പര്‍ പ്ലേറ്റില്‍ മറ്റൊരു ചിത്രമോ, എബ്ലമോ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ല.
ഈ രീതിയിലല്ലാത്ത നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ പിടികൂടും. നിയമവിരുദ്ധമായും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങളെ കുറിച്ച് 9446033314 എന്ന ഫോണ്‍ നമ്പറിലോ tccmplaintcell@gmail.com, tc@keralamvd.in എന്നീ ഇ-മെയിലുകളിലോ അതാത് റീജിനണ്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെയോ, ജോയിന്റ് റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരെയോ വിവരം പൊതുജനങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഞായറാഴ്‌ച, ജൂലൈ 7

ഹജ്ജ് ഒഴിവുകള്‍: കേരളത്തിന് പ്രത്യേക പരിഗണന നല്‍കണം- കാന്തപുരം

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ആയിരക്കണക്കിന് ഹജ്ജ് അപേക്ഷകര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ വീതിക്കുമ്പോള്‍ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ കാന്തപുരം അഭ്യര്‍ഥിച്ചു.
വര്‍ഷംതോറും കേരളത്തില്‍ ഹജ്ജ് അപേക്ഷകരുടെ എണ്ണം കൂടി വരികയാണ്. ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുന്നതിന് പകരം അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കി അടുത്ത വര്‍ഷം മുതലെങ്കിലും ക്വാട്ട പുനര്‍ നിര്‍ണയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്ന് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കാന്തപുരത്തിന് ഉറപ്പ് നല്‍കി.
സഊദി സര്‍ക്കാര്‍ ഹറം വികസനത്തിന്റെ ഭാഗമായി ഹജ്ജ് ക്വാട്ട ഇരുപത് ശതമാനം വെട്ടിക്കുറച്ചിരിക്കെ, സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ടയില്‍ കുറവ് വരുത്തി ഇത
് പരിഹരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് ശ്രമം നടത്തണം. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണഗതിയില്‍ ഹജ്ജ് ക്വാട്ടയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ സംസ്ഥാനങ്ങള്‍ക്ക് വീതിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വീതിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് കാന്തപുരം അഭ്യര്‍ഥിച്ചു. കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടിരുന്നു. അസമില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. കേരളത്തില്‍ കടല്‍ക്ഷോഭത്തില്‍ ബോട്ടും വള്ളങ്ങളുമുള്‍പ്പെടെ നഷ്ടപ്പെട്ട് ഉപജീവന മാര്‍ഗം അടഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്കും സഹായമെത്തിക്കാന്‍ നടപടിയുണ്ടാകണം.
കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് കേരളത്തിനുള്ള അരിവിഹിതം കൂട്ടണമെന്ന് കേന്ദ്ര ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി കെ വി തോമസിനെ കണ്ട് കാന്തപുരം ആവശ്യപ്പെട്ടു.

തിങ്കളാഴ്‌ച, ജൂലൈ 1

മര്‍കസ് നോളജ് സിറ്റി സംസ്ഥാനത്തിന്റെ അഭിമാനം: മുഖ്യമന്ത്രി

 

താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റി സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോളജ് സിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലെ പദ്ധതി അല്ലെങ്കില്‍ പോലും ഇതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്കായതിനാല്‍ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന് അടിവാരം – കാരശ്ശേരി റോഡിന് മുഖ്യമന്ത്രി അനുമതി നല്‍കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ റോഡ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ നീക്കാന്‍ എം എല്‍ എമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വയനാട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവണ്‍മെന്റിന്റെ പല പദ്ധതികളും നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുറക്കം കുറിക്കുക എന്നത്. എന്നാല്‍ ഇത്രയും വലിയ ഒരു പദ്ധതിക്കാവശ്യമായ പണം സമയബന്ധിതമായി കണ്ടെത്തുകയും 125 ഏക്കര്‍ ഏറ്റെടുത്ത് നിശ്ചിത സമയത്ത് തന്നെ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നത് അത്ഭുതകരാമാണ്. ഇതിനേക്കാള്‍ വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജിനും പദ്ധതിപ്രദേശത്ത് ശിലയിട്ടു. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഖത്തീബാണ് മെഡിക്കല്‍ കോളജിന് ശിലയിട്ടത്. മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.താമരശ്ശേരിക്കടുത്ത കൈതപ്പൊയിലിലെ പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരുടെയും സാമൂഹിക രാഷ്ട്രീയ മത നേതാക്കളുടെയും നീണ്ട നിര തന്നെ സന്നിഹ്തരായി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍, വി കെ ഇബ്‌റാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരും എം ഐ ഷാനവാസ് എം പി, എം കെ രാഘവന്‍ എം പി, പി മോയിന്‍കുട്ടി എം എല്‍ എ, എം ഉമ്മര്‍ എം എല്‍ എ, അഡ്വ. ശ്രീധരന്‍ പിള്ള, സി എ ഇബ്‌റാഹീം, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.