ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, മാർച്ച് 28

ലോക്പാല്‍ ബില്‍: സമവായമായില്ല, സര്‍വകക്ഷിയോഗം പരാജയപ്പെട്ടു

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം സമവായത്തിലെത്താനാകാതെ പിരിഞ്ഞു. യോഗം പരാജയപ്പെട്ടതോടെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാകില്ലെന്ന് ഉറപ്പായി. എന്നാല്‍, ബില്ലില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് രാജ്യസഭയിലെ കക്ഷികളുടെ സമിതി രൂപവത്കരിക്കാന്‍ ധാരണയായി. മൂന്നാഴ്ചക്കുള്ളില്‍ വീണ്ടും ചര്‍ച്ചചെയ്ത് പ്രതിപക്ഷ നിര്‍ദേശങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്.

ലോകായുക്ത നിയമനവും സര്‍ക്കാരുമായി സഹകരിക്കുന്ന എന്‍.ജി.ഒകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഏത് അഴിമതി അന്വേഷണവും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയുടെ പരിഗണനയിലുളള ബില്ലിന്‍മേല്‍ തൊണ്ണൂറ്റി ഏഴോളം ഭേദഗതികളാണ് പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സി.പി.ഐ നേതാവ് എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക്‌സഭ പാസാക്കിയ ബില്ല് രജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പിന്‍വലിക്കുകയായിരുന്നു. ബില്ല് പാസാക്കിയില്ലെങ്കില്‍ നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമവായം രൂപീകരിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആയുധ ഇടപാടില്‍ അടിമുടി അഴിമതി; വിവാദ കൊടുങ്കാറ്റുയര്‍ത്തി വി.കെ സിങ്, സി.ബി.ഐ അന്വേഷണം

indian-army

ന്യൂദല്‍ഹി: കോടികള്‍ മറിയുന്ന ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍. സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് സിങ്ങിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.
ജനനതീയതി സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായുള്ള തര്‍ക്കം കെട്ടടങ്ങുംമുമ്പാണ് ജനറല്‍ വി.കെ സിങ്ങ് പുതിയ വിവാദത്തിന് വഴിതെളിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. കരസേനയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയാല്‍ 14 കോടി രൂപ ഇടനിലക്കാര്‍ കോഴയായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം താന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ‘ദ ഹിന്ദു’വിന് അനുവദിച്ച അഭിമുഖത്തില്‍ സിംങ് വ്യക്തമാക്കുന്നു.
‘സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയാല്‍ കോഴ നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. സൈന്യത്തില്‍ മുന്‍കാലങ്ങളില്‍ വാങ്ങിയ നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. അന്യായവില കൊടുത്താണ് മുന്‍ വര്‍ഷങ്ങളില്‍ ഇവ വാങ്ങിയിരുന്നതെന്നും ജനറല്‍ സിംങ് തുറന്നടിച്ചു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കാന്‍ ശരിയായ മാര്‍ഗ്ഗത്തിലുള്ള ഒരു സംവിധാനവും ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ച സിംഗ്, തന്നെ സന്ദര്‍ശിച്ച ഇടപാടുകളില്‍ ഒരാള്‍ പണം എടുത്ത് തന്റെ മുന്‍പില്‍ വച്ചുവെന്നും വ്യക്തമാക്കി.
‘ഈ സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞു. ഇടപാടുകാര്‍ക്കൊപ്പമെത്തിയവരില്‍ ഒരാള്‍ സൈനികനായിരുന്നു. അയാള്‍ അടുത്തകാലത്താണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഇക്കാര്യങ്ങള്‍ താന്‍ ആന്റണിയോട് വ്യക്തമാക്കി. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തയാളാണ് താനെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താന്‍ പുറത്തുപോകാമെന്ന് ആന്റണിയെ അറിയിച്ചു’- സിങ് വ്യക്തമാക്കി.
സിങ്ങിന്റെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളേയും സ്തംഭിപ്പിച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സഭകള്‍ ഉച്ചവരെയ്ക്ക് നിര്‍ത്തിവെച്ചു. ഗുരുതരമായ വിഷയമാണ് ഇതെന്ന് സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ബി.ജെ.പിയുടെ എം.പി. പ്രകാശ് ജാദവേക്കറാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. അഴിമതിയില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. മാര്‍ച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ.സിങ് കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്. നേരത്തെ ജനനത്തീയതി തിരുത്തല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ആളാണ് ജനറല്‍ വി.കെ.സിങ്.

തിങ്കളാഴ്‌ച, മാർച്ച് 26

അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം


വേങ്ങര: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യവസായ മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. 28-ാം തിയ്യതിയിലെ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ മന്ത്രിമാരെ തടയുമെന്ന് പ്രതിഷേധിച്ച് യൂത്ത് ലീഗുകാര്‍ മുന്നറിയിപ്പു നല്‍കി.
മുസ്ലിം ലീഗില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായിരിക്കുകയാണിപ്പോള്‍. കാസര്‍ഗോഡും കണ്ണൂരിലുമെല്ലാം പ്രവര്‍ത്തകര്‍ നേതാക്കളെ തടഞ്ഞിരുന്നു. നേരത്തെ, കൊച്ചിയില്‍ നടന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരു വിഭാഗം ബഹളമുണ്ടാക്കി യോഗം അലങ്കോലപ്പെടുത്തിയിരുന്നു. ലീഗ് അംഗത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് യോഗം വേഗത്തില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് യോഗം നടന്നിടത്തു നിന്നും പുറത്തു വന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരെ ചിലര്‍ മുദ്രാവാക്യം വിളിച്ചു. കുടുംബ വാഴ്ച അവസാനിപ്പിക്കുക, ഏകാധിപത്യം അവസാനിക്കുക എന്നുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്ന കാര്യം സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം, ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപപ്പെട്ടതായി സൂചനയുണ്ട്. മേയില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുമ്പോള്‍ അതിലൊന്ന് നല്‍കി ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ രാജ്യസഭാ സീറ്റിന് മാണി ഗ്രൂപ്പും അവകാശം ഉന്നയിക്കുന്നതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാകും.

വ്യാഴാഴ്‌ച, മാർച്ച് 22

കോടതി വിധി


പുതിയ രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തി


നമ്മള്‍ പഠച്ചു വെച്ച രക്തഗ്രൂപ്പുകളുടെ പേരുകളുടെ പട്ടിക വിപുലപ്പെടുത്താന്‍ സമയമായിരിക്കുന്നു. A, B, AB, O എന്നീ രക്ത ഗ്രൂപ്പുകളെ മാത്രമെ എല്ലാവര്‍ക്കും രക്തഗ്രൂപ്പുകള്‍ എന്ന പേരില്‍ അറിയുകയുള്ളു. എന്നാല്‍ അത് തിരുത്താന്‍ സമയമായിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്ന രക്തഗ്രൂപ്പുകള്‍ ലാഞ്ചെറീസ് (Langereis), ജൂനിയര്‍ (Junior) എന്നിവയാണ്. സാധാരണ എല്ലാവര്‍ക്കു മറിയുന്ന ഗ്രൂപ്പുകളെ മാത്രം പരിഗണിച്ച് ഇവയ്ക്ക് പുറത്തുള്ള ഗ്രൂപ്പുകളെ ഗൗരവമായി പരിഗണിക്കാത്തതാണ് രക്തം മാറ്റത്തിനിടെ ഉണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണം എന്ന് ഗവേഷകര്‍ പറയുന്നു.
ജൂണിയര്‍ നെഗറ്റീവ് രക്തം അപൂര്‍വമാണെന്നും ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജപ്പാനിലെയും യൂറോപ്പിലെയും ജിപ്‌സികള്‍ക്കിടയിലാണ് പുതിയ രക്ത വിഭാഗങ്ങള്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. ജപ്പാനില്‍ 50,000ത്തോളം പേര്‍ ജൂനിയര്‍ നെഗറ്റീവ് വിഭാഗത്തില്‍ (Junior -ve)ഉണ്ടെന്നാണ് കണക്കുകള്‍. സ്താനാര്‍ബുദം അടക്കമുള്ള അര്‍ബുദ ഗവേഷണത്തിന് പുതിയ രക്ത ഗ്രൂപ്പുകളുടെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ രക്തവിഭാഗങ്ങള്‍ കൂടി കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഡഫി, കിഡ്, ഡിയാഗോ എന്നിവ അടക്കം 28 തരം രക്തങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരമുളളത്. പുതിയ കണ്ടെത്തല്‍ ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ക്കാന്‍ സഹായകമാകും.
ലാഞ്ചെറീസ്, ജൂനിയര്‍ എന്നീ രക്ത വിഭാഗങ്ങള്‍ക്ക് കാരണമാകുന്ന മാംസ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. വെര്‍മൗണ്ട് സര്‍വകലാശാലയിലെ ബ്രയാന്‍ ബല്ലിഫും സംഘവുമാണ് മാംസ്യങ്ങലെ കണ്ടെത്തിയിരിക്കുന്നത്.

പ്രപഞ്ചം സൃഷ്ടിച്ചത് അദൃശ്യ ശക്തി; ശാസ്ത്രജ്ഞനെ നാസ പുറത്താക്കി


ലോസ്ആഞ്ചലസ്: പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിപ്പിന് പിന്നില്‍ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന് വാദിച്ച ശാസ്ത്രജ്ഞനെ നാസയില്‍ നിന്നും പുറത്താക്കി. അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസയുടെ ശനി ഗ്രഹ പര്യവേക്ഷണ പദ്ധതിയായ കസ്സിനിയുടെ മുഖ്യ പ്രവര്‍ത്തകരിലൊരാളായ ഡേവിഡ് കോപെഡ്ജിനെയാണ് നാസ പുറത്താക്കിയത്.
പരിണാമ സിദ്ധാന്തത്തിനെതിരായി സൃഷ്ടിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇന്റലിജന്‍സ് ഡിസൈന്‍ സിദ്ധാന്തത്തിന്റെ വക്താവാണ് ഡേവിഡ് കോപെഡ്ജ്. ഇതുസംബന്ധിച്ച വാദഗതികള്‍ ഇദ്ദേഹം നാസയിലെ തന്റെ സഹപ്രവര്‍ത്തകരുടെ മുമ്പാകെ അവതരിപ്പിക്കുകയും ഇതിനെക്കുറിച്ച് വിശദീകരിക്കുന്ന ഡി.വി.ഡികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ 2009ല്‍ കസ്സിനി പദ്ധതിയുടെ നേതൃസ്ഥാനത്തുനിന്ന് കോപെഡ്ജിനെ നാസ നീക്കിയിരുന്നു.
ഇതിനെതിരെ കോപെഡ്ജ് കോടതിയില്‍ പരാതി നല്‍കി. എന്നാല്‍, സഹപ്രവര്‍ത്തകരുടെ മതവികാരം വ്രണപ്പെടുത്തുംവിധം പ്രവര്‍ത്തിച്ചുവെന്നാണ് നാസ കോടതിയില്‍ വാദിച്ചത്. ലോസ് ആഞ്ജലസ് കോടതിയാണ് കേസ് പരിഗണനക്കെടുത്തത്.
പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിക്കും നിലനില്‍പിനും പിന്നില്‍ ഒരു അദൃശ്യ ശക്തിയുണ്ടെന്ന വാദമാണ് ഇന്റലിജന്‍സ് ഡിസൈന്‍ സിദ്ധാന്തം. ഡാര്‍വിനിസത്തെയും പരിണാമവാദത്തെയും ഈ സിദ്ധാന്തം എതിര്‍ക്കുന്നു.
മുമ്പും ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുള്ളതായി ഡിസ്‌കവറി ഇന്‍സ്റ്റിറ്റിയൂട്ടിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ചര്‍ അസോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ വെസ്റ്റ് പറയുന്നു. ഡാര്‍വിനിസത്തിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ യൂറോപ്പിലും യു.എസിലും പരോക്ഷ യുദ്ധം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേരത്തേ, ഡാര്‍വിനിസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സൃഷ്ടിവാദികള്‍ രംഗത്തെത്തിയിരുന്നു.

ദേശീയതലത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റമുണ്ടാകണം: എസ് എസ് എഫ് സൗത്ത് സോണ്‍ മീറ്റ് മുഹമ്മദ്



കാസര്‍കോട്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിദ്യാഭ്യാസ-സാമൂഹിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ദേശീയതലത്തില്‍ ക്രിയാത്മക മുന്നേറ്റങ്ങളുണ്ടാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട്ട് നടന്ന എസ് എസ് എഫ് സൗത്ത് സോണ്‍ മീറ്റ് സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പണ്ഡിതനേതൃത്വത്തിന്‍ കീഴില്‍ ശക്തമായ പ്രവര്‍ത്തനം വഴി നേടിയെടുത്ത വിദ്യാഭ്യാസപരവും ധാര്‍മികവും സാമ്പത്തികവുമായ അഭിവൃദ്ധി മാതൃകാപരമാണ്. ഈ മാതൃകയില്‍ അഖിലേന്ത്യാ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണം. മാനവികതയെ ഉണര്‍ത്തുന്നതിനായി കേരളത്തിലെ സുന്നി സംഘടനകള്‍ തുടങ്ങിയ ദൗത്യം രാജ്യവ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് , അന്തമാന്‍ നിക്കോബര്‍, ലക്ഷദീപ് മേഖലകളില്‍ എസ് എസ് എഫ് പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് മീറ്റ്. റിവ്യൂ ഡിസ്‌കഷന്‍, വിഷന്‍ 2013, ഡ്രീം പ്രോജക്ട്, ഇസ്‌ലാമിക് ദഅ്‌വ, അന്താരാഷ്ട്ര വീക്ഷണം, തുടങ്ങിയ സെഷനുകള്‍ക്ക് എം മുഹമ്മദ് സാദിഖ്, അബ്ദു റൗഫ്, ആര്‍ പി ഹുസൈന്‍,വി പി എം ബശീര്‍, എന്‍ എം സാദിഖ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി. യോഗം എസ് എസ് എഫ് ദേശീയ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സഖാഫി നേതൃത്വം നല്‍കി.സൗത്ത് സോണ്‍ ചെയര്‍മാന്‍ അബ്ദുറഷീദ് സൈനി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രധിനീകരിച്ച് കെ അബ്ദുല്‍ കലാം (കേരള) സിദ്ദീക് മുന്‍ടുഗോളി(കര്‍ണാടക) മുഹിദ്ദീന്‍ സഖാഫി(തമിഴ്‌നാട്) മുഹമ്മദ് സാദിഖ്(ആന്ധ്ര)കെ കെ ശമീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ മൂസ സഖാഫി കളത്തൂര്‍, മജീദ് അരയല്ലൂര്‍, എ എ ജാഫര്‍ പ്രസംഗിച്ചു. ബശീര്‍ ചെല്ലക്കൊടി സ്വാഗതവും ആര്‍ പി ഉസൈന്‍ നന്ദിയും പറഞ്ഞു

വെള്ളിയാഴ്‌ച, മാർച്ച് 16

സോണി ബി തെങ്ങമം വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തിരിക്കുന്നത് നിയമം ലംഘിച്ച്; തെളിവുകള്‍ പുറത്ത്


തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സോണി ബി തെങ്ങമത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്നതിന് തെളിവ്. പാപ്പരായ ഒരാള്‍ക്ക് കമ്മീഷണറായി നിയമനം നേടാന്‍ അര്‍ഹതയില്ലെന്നാണ് വിവരാവകാശ നിയമം. എന്നാല്‍ സോണി ബി തെങ്ങമം  സംസ്ഥാന വിവരാവകാശ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് സ്വത്തുക്കളൊന്നുമില്ലെന്നാണ് കാണിച്ചിരിക്കുന്നത്.
വിവരാവകാശനിയമം സെക്ഷന്‍ (17(3)(a)) പ്രകാരം പാപ്പാരായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് ഈ സ്ഥാനത്ത് തുടരുന്നത് വിലക്കിയിട്ടുണ്ട്. 17(3(b) പ്രകാരം ശാരീരികമോ മാനസികമായി ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍ തല്‍സ്ഥാനത്തു തുടരുന്നെങ്കില്‍ അവരെ നീക്കാന്‍ സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഗവര്‍ണറെ അധികാരപ്പെടുത്തുന്നു. വിവരാവകാശ കമ്മീഷന്‍ വെബ്‌സൈറ്റില്‍ കമ്മീഷണര്‍മാര്‍ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നുണ്ട്. സോണി ബി. തെങ്ങമം സ്വമേധയാ വെളിപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പാപ്പരാണ്.
പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ അദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് വ്യക്തമാണ്. നിയമനം നടത്തുമ്പോള്‍ സോണി ബി. തെങ്ങമം ജോലി ചെയ്യാന്‍ പറ്റാത്തവിധം രോഗബാധിതനായിരുന്നു. ശമ്പളവും അലവന്‍സുമായി പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ വാങ്ങുന്ന ഇദ്ദേഹം മിക്കമാസങ്ങളിലും ഒരു കേസില്‍പോലും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവരാവകാശ നിയമത്തിനെതിരായി രാഷ്ട്രീയക്കാരനായ സോണി ബി തെങ്ങമത്തെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു.  സോണി ബി തെങ്ങമം സി.പി.ഐയുടെ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു. വിവരാവകാശ കമ്മീഷനായി നിയമിതനായതിന്റെ തലേദിവസമാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ ഇദ്ദേഹം രാജിവെക്കുന്നത്.  ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം കേരള ആര്‍.ടി.ഐ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി ബിനു ഹൈക്കോടതി പൊതുതാല്‍പര്യ ഹരജി നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് നിയമലംഘിച്ചുകൊണ്ട് തല്‍സ്ഥാനത്ത് തുടരുന്ന തെങ്ങമത്തെ നീക്കാനുള്ള പുതിയ തെളിവുകള്‍ പുറത്തുവരുന്നത്. നേരത്തെ സോണി ബി. തെങ്ങമത്തിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും സോണി ബി തെങ്ങമം കമ്മീഷണറായി തുടരുകയാണ്.
ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവരാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സാധാരണ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിനുമായി രൂപീകരിച്ച വിവരാവകാശനിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍  വീഴ്ച സംഭവിച്ചിരിക്കയാണെന്നും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിക്കേണ്ട വിവരാവകാശ കമ്മീഷന്‍ നിരാശാജനകമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നന്നുമാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആക്ഷേപം.
പൊതു അധികാരികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ്ണവിവരം സ്വമേധയാ വെളിപ്പെടുത്താന്‍ നിയമത്തിലെ വകുപ്പ് 4(1) ബാദ്ധ്യസ്ഥമാക്കുന്നുണ്ടെങ്കിലും കമ്മീഷന്റെ വെബ്‌സൈറ്റില്‍പോലും പ്രവര്‍ത്തനങ്ങളുടെ വിവരം ലഭ്യമല്ല. നിയമപ്രകാരം പ്രതിവര്‍ഷം നിയമസഭയ്ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് പോലും യഥാസമയം സമര്‍പ്പിക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ല.
സുതാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കമ്മീഷന്‍ നടപടികള്‍ കാണാന്‍ ഇന്നും ജനങ്ങള്‍ക്ക് അവകാശമില്ല.  സുതാര്യത ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ ഹിയറിംഗുകള്‍ ഉണ്ടെങ്കിലും നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുവാന്‍ നിയതമായ ഒരു സംവിധാനവുമില്ലെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.





വ്യാഴാഴ്‌ച, മാർച്ച് 15

തിരുവനന്തപുരത്ത് വിവരാവകാശകമ്മീഷന്‍ ഓഫീസിലേക്ക് വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും








ജന്മം തന്നവരോട് മരിച്ചാലും തീരാത്ത കടപ്പാട് മാതാപിതാക്കളെ


 വിഷയം കേള്‍ക്കുന്നതേ നമുക്ക് മടുപ്പാണ്. കാരണംഅത്രമാത്രം പ്രസംഗങ്ങളും പ്രബന്ധങ്ങളും ഇവ്വിഷയകമായി സുലഭമാണെന്നതത്രെ കാര്യം. മക്കളുടെ ഉത്തരവാദിത്വങ്ങള്‍ ഖുര്‍ആനില്‍ പറഞ്ഞതിലപ്പുറം ഇവിടെ ഇനി വിശദീകരിക്കാന്‍ ഉദ്ദേശമില്ല. വാരിക്കോരി സ്‌നേഹം നല്‍കാന്‍, ഹൃദയം തുറന്ന് മാതാപിതാക്കളെ സ്‌നേഹിക്കാന്‍ എല്ലാ മക്കളോടുമായി ചില കാര്യങ്ങള്‍ മാത്രം.

വൃദ്ധസദനങ്ങളിലല്ലെങ്കില്‍ പോലും സമാനമായ അവസ്ഥയാണ് നമ്മുടെ പല മാതാപിതാക്കള്‍ക്കും അവരുടെ വീടുകളില്‍. വീടിനു ഭാരമായി,ഇലകൊഴിഞ്ഞ മരമായിചണ്ടികളായി - ഒരുപാട് മാതാപിതാക്കള്‍ നിശ്ശബ്ദരായി നമ്മുടെ വീടുകളില്‍ തന്നെയില്ലേ! ഓര്‍ത്തുനോക്കൂ... മാതാപിതാക്കളോട് നമ്മില്‍ ചിലരുടെ ചില പെരുമാറ്റരീതികള്‍ വിശദീകരിക്കാം.

വളര്‍ന്നു വലുതായ മകന്‍ ഉമ്മയില്‍ നിന്നും ഉപ്പയില്‍ നിന്നും അകലം സൂക്ഷിക്കുന്നതാണ് ആദ്യഘട്ടം. നാട്ടിലുള്ള സകലരോടും സൊറ പറയുന്ന മകന്‍ ഒരു വാക്കുപോലും സ്വന്തം മാതാപിതാക്കളോട് ഉരിയാടാന്‍ നില്‍ക്കുന്നില്ല. നാട്ടുകാര്‍ എന്ത് പറയും എന്ന് കരുതി മാത്രംമാതാപിതാക്കളെ സംരക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍.

തന്നെ ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ പോലും ചിലര്‍ മാതാപിതാക്കളോടു അഭിപ്രായം തേടില്ല. 'ക്ലോസ് ഫ്രണ്ട്‌സി'നു മുന്നില്‍ എല്ലാം കെട്ടഴിക്കുന്ന ഇക്കൂട്ടര്‍ക്ക് മാതാപിതാക്കള്‍ അതിനു പോരാതെ വരുന്നുപോലും. മാതാപിതാക്കള്‍ ഇവരോട് എന്തെങ്കിലും അഭിപ്രായംപറഞ്ഞാലോപുഛമാണുതാനും.

തന്റെ കാര്യങ്ങളില്‍ കയറി ഇടപെടേണ്ടവരല്ല നിങ്ങളെന്ന ധ്വനി തങ്ങളുടെ ഓരോ ചെയ്തിയിലൂടെയും ഇക്കൂട്ടര്‍വ്യക്തമാക്കിക്കൊണ്ടേയിരിക്കും. താനെന്ന അസ്തിത്വത്തിന്റെ നിലനില്‍പിന്നാധാരം ആ രണ്ടുപേരെന്നറിഞ്ഞുകൊണ്ടുതന്നെ എന്നെ പഠിപ്പിക്കാന്‍ വരേണ്ട എന്നു വരെ അവര്‍ പറഞ്ഞു കളയും.

വിശുദ്ധദീനുല്‍ ഇസ്‌ലാം മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വഹണത്തിലെ വീഴ്ചയെ 'ഉഖൂഖുല്‍ വാലിദൈന്‍' (മാതാപിതാക്കളെ വെറുപ്പിക്കല്‍) എന്നാണ് വിശേഷിപ്പിച്ചത്. 'ഇസ്വ്‌യാനുല്‍ വാലിദൈന്‍' (മാതാപിതാക്കളോടുള്ള ധിക്കാരം) എന്നതിന് പകരം ആ പദം ഉപയോഗിച്ചത് ബോധപൂര്‍വം തന്നെയാണ്. ധിക്കരിക്കുക പോലും വേണ്ടതില്ലമനസിനു വിഷമമുണ്ടാക്കുന്ന ചെയ്തികള്‍ നിങ്ങളില്‍ നിന്ന് വന്നാല്‍ തന്നെ ധാരാളം. ഇത് പറയുമ്പോള്‍ യുവാക്കളല്ല എന്റെ അഭിസംബോധിതര്‍, പ്രത്യുത എല്ലാവരുമാണ്. ഓരോ ഉമ്മക്കും വാപ്പക്കും മക്കളായി ഈ ലോകത്ത് പിറന്നു വീണവര്‍. നമ്മുടെ മാതാപിതാക്കള്‍ക്ക് നമുക്ക് നല്‍കാവുന്ന പരിഗണനകളെക്കുറിച്ചും അതില്‍ നാം പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും ചിലത് പറയാം.

നിങ്ങളുടെ ഓരോ കാര്യത്തിലും (നിസ്സാരമെങ്കില്‍പോലും) അവരുമായി കൂടിയാലോചന നടത്തുക. ഉപദേശങ്ങള്‍ കൂടെക്കൂടെതേടിക്കൊണ്ടിരിക്കുക. തീരുമാനം നിങ്ങള്‍ മുന്‍കൂട്ടി എടുത്ത വിഷയങ്ങളില്‍ പോലും ഈ പതിവ് തുടരുക. കാരണംനിങ്ങള്‍ അവരെ പരിഗണിക്കുന്നുവെന്ന തോന്നല്‍ തന്നെ മറ്റെന്തിനേക്കാളുമവര്‍ക്ക് വിലപ്പെട്ടതാണ്. 'എന്റെ മക്കള്‍ വെറുതെയായില്ലഎന്ന വിചാരം ഏത് മാതാവിന്റെയും പിതാവിന്റെയും മനം കുളിര്‍പ്പിക്കും.

നിങ്ങള്‍ക്ക് അനിഷ്ടകരമാംവിധം അവര്‍ പെരുമാറിയാല്‍പോലും ക്ഷമ കൈവിടാതിരിക്കുക. അവര്‍ക്ക് നേരെ മൂര്‍ച്ചയുള്ള നോട്ടം എയ്യാതിരിക്കുക. പുണ്യത്തിന്റെ പാരമ്യത പ്രാപിക്കണമെങ്കില്‍ അവര്‍ നിങ്ങളോട് ചെയ്യുന്ന തെറ്റുകള്‍ പൊറുക്കാന്‍ നിങ്ങള്‍ തയാറാകണം. കരുണാമയനോട് പൊറുക്കലിനെ തേടുന്ന നിങ്ങള്‍ക്ക്നിങ്ങളുടെ ജന്മത്തിന് നിദാനമായ മാതാപിതാക്കളോട് പൊറുക്കാനാകില്ലെന്നോ?തുറിച്ചുള്ള നോട്ടം പോലും നീ അവരോട് ചെയ്യുന്ന വന്‍തെറ്റാണ്.

മാതാപിതാക്കളോട് കൂടെക്കൂടെ അവരുടെ സുഖവിവരങ്ങള്‍ ആരായുക. അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍, അതെത്രനിസ്സാരമെങ്കില്‍പോലും കൂടെക്കൂടെ അന്വേഷിച്ചുകൊണ്ടിരിക്കുക. മാതാപിതാക്കളെ തൃപ്തിപ്പെടുത്താനും അതുവഴി സ്വര്‍ഗത്തിലെത്താനും നിങ്ങള്‍ക്ക് സാധിച്ചേക്കാം.

മറ്റാരേക്കാളും അവരുടെ സേവനത്തിനും പരിചരണത്തിനും മുന്‍ഗണന നല്‍കുക. അവരുടെ വസ്ത്രം കഴുകിക്കൊടുക്കുകഅവരുടെ കിടപ്പുമുറി അലങ്കരിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുക. പണംകൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണിത്.

അവരുടെ കവിള്‍ത്തടങ്ങളിലും ചുണ്ടിലും പുഞ്ചിരി നിറക്കാന്‍ പരമാവധി ശ്രമിക്കുക. നല്ലവാക്കുകള്‍ കൊണ്ടോകൊച്ചു തമാശകള്‍ കൊണ്ടോ അവരുടെ സന്തോഷം വര്‍ധിപ്പിക്കുക. കരംഗ്രഹിച്ച്കവിളുകളില്‍ ചുടുചുംബനം നല്‍കി സ്‌നേഹത്തിന്റെ വൈദ്യുതിതരംഗങ്ങള്‍ അവര്‍ക്ക് അനുഭവവേദ്യമാക്കുക.

അവരുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും വിശേഷങ്ങള്‍ കൂടെക്കൂടെ ആരായുകയും ചെയ്യുക. അപ്രതീക്ഷിതമായ സ്‌നേഹത്തിന്റെ ഉറവയാണ് ഈ ചെയ്തിയിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ മകനെക്കുറിച്ചും മകളെക്കുറിച്ചും പറയാന്‍ ലഭിക്കുന്ന സന്ദര്‍ഭം മാതാപിതാക്കള്‍ക്ക് ഏറെ വിലപ്പെട്ടതാണ്.

ജീവിക്കുന്നവരായാലുംമരിച്ചവരായാലും അവര്‍ക്കായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. പടച്ചവന്‍ നിങ്ങളെ അനുഗ്രഹിക്കാന്‍, സന്തോഷകരമായ ജീവിതം നിങ്ങള്‍ക്ക് പ്രദാനം ചെയ്യാന്‍, ഇതില്‍പരം സല്‍ക്കര്‍മം ഈ ലോകത്തില്ലെന്ന് മനസ്സിലാക്കുക.

സൗഭാഗ്യസിദ്ധിയേക്കാള്‍ ദൗര്‍ഭാഗ്യങ്ങളുടെ വിപാടനത്തിനും മേല്‍ച്ചൊന്ന കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഇഹലോകത്ത് വെച്ച് ഒരാള്‍ക്ക് സംഭവിക്കാവുന്ന ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും പ്രാഥമിക കാരണങ്ങളിലൊന്നായിപോലും മാതാപിതാക്കളോടുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിലെ വീഴ്ചയെ പ്രവാചകന്‍ ഉയര്‍ത്തിക്കാണിച്ചു. വാര്‍ധക്യ കാലത്ത് മാതാപിതാക്കളെ അടുത്തുകിട്ടിയിട്ടും അവര്‍ക്ക് പുണ്യം ചെയ്ത് സ്വര്‍ഗപ്രവേശനം നേടാത്തവന് മറ്റൊരു കര്‍മം കൊണ്ടും സ്വര്‍ഗലബ്ധി സാധ്യമല്ലെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ചു. മാതാവിന്റെപരിചരണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്ന ഹാരിഥ്ബ്‌നു നുഅ്മാന് സ്വര്‍ഗത്തിലൊരു വിശിഷ്ട സമ്മാനം കാത്തിരിപ്പുണ്ടെന്ന് സുവിശേഷം നല്‍കി അദ്ദേഹം.

കൂട്ടരേ... എങ്ങനെ നാം അവരെ അവഗണിക്കുംനമ്മുടെ ഭാര്യമാരെയും മക്കളെയും അവരേക്കാള്‍ കൂടുതലായി നാം എങ്ങനെ പരിഗണിക്കും?നിങ്ങള്‍ അവരെ പരിചരിക്കുന്നുണ്ടെങ്കില്‍ തന്നെഅടുത്തു തന്നെ മരിക്കാന്‍ പോകുന്നവരെന്ന നിലക്കാണ്. എന്നാല്‍, നിന്റെ മാതാവ് നിന്നെ പരിചരിച്ചതോനീ മരിക്കാത്തവനായി ഈ ലോകത്ത് തുടരണമെന്ന ആഗ്രഹത്തോടെയും.

നിനക്കോര്‍മയില്ലേ ആ ദിനങ്ങള്‍... എന്റെ കൈപിടിക്കൂ എന്ന് നിന്റെ മാതാവിനോട് പറഞ്ഞ നന്ദര്‍ഭം... മറ്റുള്ളവര്‍ നിന്റെ ചുറ്റും നില്‍ക്കുമ്പോള്‍ അക്കൂട്ടത്തില്‍ നിന്റെ ഉമ്മയെ പ്രത്യേകമായി തെരഞ്ഞത്...കാണാതായപ്പോള്‍ കരഞ്ഞത്... പിറ്റേ ദിവസത്തെ ജോലിഭാരംതലയിലുള്ളപ്പോഴും നീ ഉണരുമ്പോഴെല്ലാം ഉറക്കമിളച്ച് അവള്‍ നിനക്കായി കാവലിരുന്നത്... നിന്റെ കൈകാലുകള്‍ വളരുന്നതിനായി അവര്‍ ആശിച്ചത്... പുറത്തുപോയി വരുമ്പോള്‍ നിന്റെ പിതാവ് നിനക്കായി പഴങ്ങളും പുത്തനുടുപ്പുകളും കളിക്കോപ്പുകളും കൂടെക്കൊണ്ടുവന്നത്... നിന്റെ ബുദ്ധിയുദിക്കും മുമ്പേനിന്റെ ബോധമണ്ഡലത്തില്‍ വെളിച്ചമെത്തും മുമ്പേ അവര്‍ ചെയ്ത ഇക്കാര്യങ്ങള്‍ അവാച്യം...അനിര്‍വചനീയം...അതുല്യം.

വെള്ളിയാഴ്‌ച, മാർച്ച് 9

ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ തേടി



മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്, നാനൂറ് വര്‍ഷത്തിന് ശേഷവും നവോത്ഥാനത്തിന്റെ ശീലുകളുയര്‍ ത്തുന്ന മുഹ് യിദ്ദീന്‍ മാലയുടെ കര്‍ത്താവുമാണ്.
കേരള ചരിത്രത്തിന്റെ ഇരുള്‍മുറ്റിയ ഇടനാഴികകളിലേക്ക് കുറ്റിച്ചിറക്കരയിലുള്ള നാഹു ദാ മിസ്കാലിന്റെ പള്ളിയിലിരുന്ന് വെളിച്ചം ചുരത്തിയ ധിഷണാശാലി. ഓമനിക്കുന്ന ആദര്‍ശത്തിനും പിന്നെ നാടിനും വേണ്ടി പോര്‍ച്ചുഗീസ് പരിഷകളോട് നേരില്‍ യുദ്ധത്തിനുപോയ ധൈര്യശാലി. സാമൂതിരിയോടൊപ്പം നാടിന്റെ മോചനത്തിനായി കൈ കോര്‍ത്ത മുദരിസ്.
ഖാളി മുഹമ്മദിനെ കുറിച്ചോര്‍ക്കുന്ന പഴയ തലമുറയിലെ ചുരുക്കം ചിലര്‍ക്ക് ഖണ്ഡമിടറുന്നു. വിശ്രുതവും അമൂല്യവുമായ ആ പാരമ്പര്യം സൂക്ഷിക്കാനോ അവിടത്തെ കാലടിപ്പാടുകളില്‍ ഒന്നുറച്ചുവെക്കാനോ കഴിയാത്ത പുതിയ തലമുറ. ചരിത്രാന്വേഷകര്‍ കൈ മലര്‍ത്തുന്നു.
ഖാളി മുഹമ്മദിന്റെ കാല്‍പ്പാടുകള്‍ കാലാന്തരത്തില്‍ മാഞ്ഞുപോവുകയായിരുന്നു. നാടിന്റെയും ആദര്‍ശത്തിന്റെയും അസ്തിത്വത്തിനു വേണ്ടി ഖാളി മുഹമ്മദ്(റ) നയിച്ച പടയോട്ടങ്ങള്‍ക്കുമേല്‍ പില്‍ക്കാലത്ത് തീരാത്ത കുടിപ്പകയുടെ ചുടുചോര ചിന്തി. അങ്ങനെ നിര്‍മലവും ധീരോദാത്തവും ജാജ്വലവുമൂറുന്ന ഒരു ചരിത്രം പിന്‍തലമുറക്കാര്‍ മറന്നുപോയി. അവര്‍ക്കിപ്പോള്‍ പറയാനുള്ളത് ഒന്നുമാത്രം. ‘നിസ്സാര കാരണത്തിന് വേണ്ടി ഞങ്ങള്‍ പോരുകൂടി. പോരും ദുരഭിമാനവും മൂത്തപ്പോള്‍ ഞങ്ങള്‍ക്ക് പൂര്‍വീകരുടെ ഖബറിടം പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ ക്രൌര്യത്തില്‍ തിളച്ചുമറിഞ്ഞ കണ്ണുകള്‍ ക്ക് തിമിരം വന്നു. എല്ലാം അവര്‍ മറന്നുപോയി.
പുതിയ തലമുറക്കിതിലൊന്നും വലിയ താത്പര്യമില്ല. മുമ്പൊക്കെ ചേര്‍ക്കാന്‍ കഴിയാ ത്ത വിടവുണ്ടായിരുന്നവര്‍ക്കിടയില്‍ ഇന്ന് യോജിപ്പുണ്ട്. പുതിയ തലമുറയില്‍ ‘വലിയ ഭാഗ’ത്തിന്റെ ചൂരോ ‘ചെറിയ ഭാഗ’ത്തിന്റെ ചൂടോ അശേഷമില്ല. അവരില്‍ പലര്‍ക്കും മതത്തിന്റെ ചൂരും നഷ്ടപ്പെട്ടുപോയോ എന്നും ആശങ്കിക്കപ്പെടുന്നു.
ചരിത്രത്തിന്റെ ഇന്നലെകളോട് അവിടെ ഭൂരിഭാഗത്തിനും താത്പര്യമില്ല. പലയിടത്തും പല മഖ്ബറകളും ഇടിഞ്ഞുപൊളിഞ്ഞ് തകര്‍ന്നത് കാണാം. പറങ്കികളുമായുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടേതും മക്കയില്‍ നിന്ന് വന്ന സയ്യിദുമാരുടെയും അവരുടെ സന്താന പരമ്പരകളുടേതുമൊക്കെയാണാ മഖ്ബറകള്‍.
പഴയ തലമുറ അത് കെട്ടിവെച്ചത് സിയാറത്തിന് വരുന്നവരുടെയും ചരിത്രാന്വേഷികളുടെയും സൌകര്യം മാനിച്ചായിരിക്കാം. പഴയ തലമുറയുടെ ചരിത്രപരമായ തൃഷ്ണകൊണ്ടാണ് സ്വന്തം പാരമ്പര്യത്തെ അറിയാന്‍ കഴിഞ്ഞതെന്ന് ആരും ചിന്തിക്കും.

ഖാളി പരമ്പര

ഇപ്പോഴത്തെ ഖാളിമാരുടെ പക്കലുള്ള കുറിപ്പുകള്‍, അബൂബക്കര്‍ കുഞ്ഞി ഖാളിയുടെ ശറഹ് വിത്രിയ്യ, ചെറിയ ഖാളി നാലകത്ത് മുഹമ്മദ് കോയാ സാഹിബിന് പിതാവ് മാമുക്കോയ ഖാളി പറഞ്ഞുകൊടുത്തതും മാമുക്കോയ ഖാളിയില്‍ നിന്നും ചരിത്രകാരന്മാര്‍ കേട്ട ചില മൊഴികളും ഇബ്നുബത്തൂത്തയുടെ സഞ്ചാര ചരിത്രങ്ങളുമൊക്കെയാണ് ഖാളി മുഹമ്മദിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സ്രോതസ്സുകള്‍.
കോഴിക്കോട് ഖാളിയായിരുന്ന ശിഹാബുദ്ദീന്‍ അഹ്മദ് എന്നവരുടെ മകന്‍ ഖാളി അബ്ദുല്‍ അസീസിന്റെ പുത്രന്‍ ഖാളി അലി നാശിരിക്ക് ശേഷമാണ് നാശിരിയുടെ സഹോദരനായ ഖാളി മുഹമ്മദ് ഖാളിസ്ഥാനം ഏറ്റെടുക്കുന്നത്.
മക്കയില്‍ നിന്ന് ഇസ് ലമിക പ്രബോധനത്തിനായി വന്ന മാലിക്ബ്നു ഹബീബ്(റ)ന്റെ പരമ്പരയില്‍ ചെന്നെത്തുന്നു ഖാളി മുഹമ്മദിന്റെ പരമ്പര. മാലിക്ബിന്‍ ഹബീബ്(റ) മുഹമ്മദുല്‍ അന്‍സ്വാരി എന്ന സ്വഹാബിയുടെ  പുത്രനാണ്. ഈ ഖാളി പരമ്പരയില്‍ പലരുടെയും ചരിത്രം അവ്യക്തമാണ്. ഇബ്നുബത്തൂത്തയുടെ സഞ്ചാര കാലഘട്ടത്തില്‍ ഖാളിയായിരുന്ന ഫഖ്റുദ്ദീന്‍ എന്നവര്‍ക്ക് ശേഷമുള്ള ഖാളിമാരുടെ ചരിത്രം ഏറെക്കുറെ സ്വീകാര്യയോഗ്യമാണ്. അവരുടെയൊക്കെ ഖബറിടങ്ങള്‍ കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിക്ക് സമീപവും ചാലിയം മാലിക്ദീനാര്‍ പള്ളിക്ക് സമീപവുമാണ്.
ഖാളി മുഹമ്മദ് പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് ഉസ്മാന്‍ ലബ്ബല്‍ ഖാഹിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. അതിനുശേഷം കുറ്റിച്ചിറ മിസ്കാല്‍ പള്ളിയില്‍ മുദരിസായി. കോഴിക്കോട് ഖാളിയായി സാമൂതിരി നിയമിക്കുകയും ചെയ്തു.

ജനനേതാവ്

ഖാളി മുഹമ്മദ് പള്ളിയിലൊതുങ്ങിയ മുദരിസായിരുന്നില്ല. തന്റെ കാലഘട്ടം ചുരുണ്ടുകൂടാന്‍ പറ്റിയതല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. നാട്ടിലെ പ്രശ്നങ്ങളും പ്രയാസങ്ങളും അദ്ദേഹത്തെ അലട്ടി. പറങ്കികളുടെ കയ്യേറ്റശ്രമങ്ങളും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലുകളും ഖാളിയെ പറങ്കികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലെത്തിച്ചു.
പറങ്കികള്‍ മുസ്ലിം ചോരയില്‍ ചവിട്ടി നൃത്തമാടുന്ന സന്ദര്‍ഭത്തില്‍, പറങ്കിപ്പിശാചുക്ക ള്‍ കുറ്റിച്ചിറയിലെ നാഹുദാ മിസ്കാല്‍ പള്ളിക്ക് തീ കൊളുത്തിയപ്പോള്‍ പള്ളിക്ക് സമീ പം വെച്ച് നടന്ന ഘോരമായ പോരാട്ടത്തില്‍ ഖാളിയും പങ്കെടുത്തു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടായിരുന്നു ഖാളി ജീവിച്ചത്. സാമൂതിരി-പറങ്കി സംഘര്‍ഷങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചപ്പോള്‍ ഏറ്റവും വലിയ നഷ്ടം മുസ്ലിംകള്‍ക്കായിരുന്നു. പറങ്കികള്‍ മുസ്ലിം വിരോധത്തിന് സാമൂതിരിയുടെ മറ സ്വീകരിച്ചു. ഒടുവില്‍ പ്രത്യക്ഷത്തില്‍ തന്നെ സംഘ ര്‍ഷം മുസ്ലിം – പറങ്കി സൈന്യങ്ങള്‍ തമ്മിലായി. ഈ പോരാട്ടങ്ങളില്‍ നായര്‍ വിഭാഗത്തിന്റെ പങ്ക് വിസ്മരിക്കാവതല്ല.
പറങ്കികള്‍ മലബാറിലെ ആസ്ഥാനമായി സ്വീകരിച്ചത് ചാലിയം കോട്ടയായിരുന്നു. മലബാറിലെ പല സുപ്രധാന പള്ളികളും തകര്‍ത്ത് അവയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ച കോട്ടക്ക് സ്ഥലം കണ്ടെത്തിയത് ചാലിയം ജുമുഅത്ത് പള്ളിയുടെ സ്ഥലം കയ്യേറിയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ചാലിയത്തെ പറങ്കിക്കോട്ട ഉപരോധിക്കാന്‍ തീരുമാനിച്ചു. ചാലിയം ജുമുഅത്ത് പള്ളിയില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലിംകളോടൊപ്പം സാമൂതിരിയും ഖാളി മുഹമ്മദും പങ്കെടുത്തു.
ഈ ചര്‍ച്ചയെ തുടര്‍ന്ന് ഹി. 977 സ്വഫര്‍ 24ന് ചാലിയം കോട്ടക്കെതിരെ മുസ്ലിം – നായര്‍ പടയാളികള്‍ പോരാട്ടം ആരംഭിച്ചു. ഒത്തുപിടിച്ചുള്ള ഈ പോരാട്ടത്തില്‍ ഖാളിയുടെയും സാമൂതിരിയുടെയും മത-ഭൌതിക നേതൃത്വങ്ങളുടെ ശക്തി പോര്‍ച്ചുഗീസുകാര്‍ അനുഭവിച്ചു. അവര്‍ ചാലിയം കോട്ടക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്ലിംകളോട് പരാജയപ്പെട്ടു. ജമാദുല്‍ ആഖിര്‍ (ഹി. 977) പതിനാറിനായിരുന്നു ചരിത്രപ്രസിദ്ധമായ ഈ പോരാട്ടം ലക്ഷ്യം കണ്ടത്. ചാലിയം കോട്ടയുടെ ഭാഗങ്ങള്‍ മിസ്കാല്‍ പള്ളി പുതുക്കിപ്പണിയാനായി, സാമൂതിരി മുസ്ലിംകള്‍ക്ക് കൊടുത്തു.

നവോത്ഥാനത്തിന്റെ രാഷ്ട്രീയം

സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങള്‍ മതത്തിന്റെ ഭാഗമല്ലെന്നു തെറ്റിദ്ധരിക്കുകയും രാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതും സമൂഹത്തിന്റെ മനസ്സിനോട് സംവദിക്കുന്നതും ഒരുതരം വഴിത്തിരിവായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത ഒരു കാലഘട്ടമുണ്ടായിരുന്നു.
സമൂഹത്തിലെ ഓരോ അംഗവും ഒരുകാലത്ത് ഈ ധാരണ മുറുകെപ്പിടിച്ചു കഴിഞ്ഞുകൂടി. മാത്രമോ പണ്ഢിതനും സ്വൂഫിവര്യനുമാകണമെങ്കില്‍ ചടഞ്ഞുകൂടണമെന്നുകൂടി തെറ്റിദ്ധരിക്കുകയും സ്വൂഫികള്‍ പര്‍ണശാലകളുടെ ഓരം ചാരി ഇരുന്ന് സമൂഹത്തെ കുറിച്ചറിയാത്ത, സമൂഹത്തോടുള്ള ബന്ധം പാപമായി കരുതുന്നവരാണെന്ന് ഒരു വി ഭാഗം പ്രചരിപ്പിക്കുന്നു.
സ്വൂഫികള്‍ക്ക് ദുനിയാവിന്റെ ഒരുകാര്യവും പിടിപാടില്ലെന്നും അവര്‍ക്ക് സ്വന്തം ശരീരം വൃത്തിയാക്കാനോ വസ്ത്രം വെളുപ്പിക്കാനോ ഉള്ള മനസ്സില്ലായിരുന്നുവെന്നും വ്യാഖ്യാനിക്കാനും അര്‍ഥം വെക്കാനും ഉത്പതിഷ്ണുക്കള്‍ ശ്രമിച്ചു. ദൌര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗത്തില്‍ നിന്ന് തന്നെ പലരും ഇത്തരം വ്യാഖ്യാനങ്ങളെ വാരിപ്പുണരുകയും സ്വൂഫികളില്‍ പലരെയും ഇങ്ങനെതന്നെ പരിചയപ്പെടുത്താനും വാശിപിടിച്ചു. അല്ലാഹുവിലേക്കടുക്കുംതോറും പ്രാകൃതനായിത്തീരുന്നുവെന്ന ധാരണ പുറത്ത് പ്രചരിച്ചു.
എന്നാല്‍ സ്വൂഫി പ്രമുഖര്‍ മുഴുവനും ജനമനസ്സുകളെ ശുദ്ധീകരിക്കാനും ജനതയുടെ മുന്നേറ്റങ്ങളുടെ മുന്നില്‍ നില്‍ക്കാനും ശ്രദ്ധിച്ചു. ശൈഖ് ജീലാനിയും രിഫാഇയും ചിശ്തിയും നിസാമുദ്ദീന്‍ ഔലിയയും മമ്പുറം തങ്ങളും വെളിയംകോട് ഉമര്‍ഖാളിയും ഖാളി മുഹമ്മദും (റ.ഹും.) തുടങ്ങിയ പലരും ജനകീയ പ്രശ്നങ്ങളിലിടപെട്ടു. അവര്‍ മുഖേന ധാരാളം അമുസ്ലിംകള്‍ ഇസ്ലാമിന്റെ സൌന്ദര്യം കണ്ടു. പതിനായിരക്കണക്കിന് സത്യാന്വേഷികള്‍ക്ക് ആശിച്ച അഭയസ്ഥാനം കിട്ടി. സത്യത്തിന്റെ നിറവെളിച്ചത്തില്‍ അവര്‍ നിര്‍വൃതി കൊണ്ടു.
‘മുസ്ലിംകളും കേരള സംസ്കാരവും’ എന്ന ഗ്രന്ഥത്തില്‍ വെളിയംകോട് ഉമര്‍ഖാളിയെ ‘നവോത്ഥാനത്തിന്റെ ആദ്യകാഹളം’ എന്നാണ് വിശേഷിപ്പിക്കുന്നത്. സാമ്രാജ്യത്ത മേല്‍ക്കോയ്മക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നില്‍ നിന്നവരാണവര്‍. നികുതിനിഷേധ പ്രസ്ഥാനമായി ഉമര്‍ഖാളി നിലകൊണ്ടപ്പോള്‍ ബ്രിട്ടീഷ് പീരങ്കികള്‍ തീ തുപ്പിയില്ല. അവര്‍ ഉമര്‍ഖാളിയുടെ ആന്തരിക ശക്തിസ്രോതസ്സിനെ കുറിച്ചറിഞ്ഞു. ഇതുപോലെ ഖാളി മുഹമ്മദും തന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലിടപെടുകയും വിശ്രുതമായ ഒരു സമരസാഹിത്യ രചന നടത്തുകയും ചെയ്തു. ഫത്ഹുല്‍ മുബീന്‍ എന്ന കവിതാ ധാരകള്‍, ചാലിയം കോട്ട പിടിച്ചടക്കിയതും അതുമായി ബന്ധപ്പെട്ട പോര്‍ച്ചുഗീസ് അതിക്രമങ്ങളും പരാമര്‍ശിക്കുന്നതാണ്. ശുദ്ധമായ അറബിയില്‍ ഈ കവിത രചിച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ഒരു കാലഘട്ടത്തിന്റെ ചരിത്രം മറ്റു രാഷ്ട്രങ്ങളിലേക്കും കൈമാറുകയെന്നതാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ഒരാഗോള മുസ്ലിം കൂട്ടുകെട്ടുണ്ടാക്കി പോര്‍ച്ചുഗീസ് ഭ്രാന്തരെ ചങ്ങലക്കിടുകയായിരുന്നു ദൌത്യം. ശൈഖ് സൈനുദ്ദീന്‍(റ) തുഹ്ഫതുല്‍ മുജാഹിദീനില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
ഫത്ഹുല്‍ മുബീനിന്റെ ആദ്യ മലയാളവിവര്‍ത്തനം പള്ളിപ്പുറം മൂസാന്‍കുട്ടി മുസ്ലിയാരുടേതായിരുന്നു. ഹൈദരാബാദിലെ എം.എ മുഈദ് ഖാനാണ് ഫത്ഹുല്‍ മുബീന്‍ ആദ്യമായി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മലയാളത്തില്‍ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമും പ്രൊഫ. മങ്കട അബ്ദുല്‍ അസീസും വിവര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രൊഫ. മങ്കട തന്റെ വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ എഴുതുന്നു: “ഫത്ഹുല്‍ മുബീനിന്റെ ശൈലി സുന്ദരമാണ്. അറബി ഭാഷയില്‍ ഇത്രയും കഴിവുനേടിയ മറ്റാരെയും ഇന്ത്യ കണ്ടിട്ടില്ല. ശുദ്ധമായ പദങ്ങള്‍, മര്‍മത്ത്് കൊള്ളുന്ന പ്രയോഗങ്ങള്‍, നര്‍മത്തില്‍ പൊതിഞ്ഞ പരിഹാസം. ആകര്‍ഷകമായ പ്രതീകസൃഷ്ടികള്‍ എന്നിവയെല്ലാം ഇതിനെ ആസ്വാദ്യകരമാക്കുന്നു” (പേജ് 32).

മുഹ് യിദ്ദീന്‍ മാല

ഖാളി മുഹമ്മദിന്റെ പ്രശസ്തി നാനൂറ് ആണ്ടുകള്‍ക്കുശേഷവും നിലനില്‍ക്കുന്നുവെങ്കില്‍ അത് ശൈഖ്  ജീലാനിയുടെ മദ്ഹ് കാവ്യമായ മുഹ്യിദ്ദീന്‍ മാലയുടെ പേരിലാണ്. ചരിത്രം ഇന്നുവരെ ഖാളി മുഹമ്മദ് എന്ന മഹാധിഷണാശാലിയെ വിലയിരുത്താന്‍ ഉപയോഗിച്ച പ്രധാന രചനകളായിരുന്നു മാലയും ഫത്ഹുല്‍ മുബീനും.
മാല ചരിത്രത്തെ കയ്യിലെടുത്തു. മാല ജനകീയ സാഹിത്യമായി. തുഞ്ചത്തെഴുത്തച്ഛനും പൂന്താനത്തിനും അഞ്ചാണ്ട് മുമ്പ്, മാല സമുദായത്തിന്റെ മനസ്സില്‍ കൊത്തിവെക്കപ്പെട്ടു. ഇന്നും ആവശ്യാനുസരണം മുഹ്യിദ്ദീന്‍മാല പാരായണം ചെയ്യുന്നു.
എന്നാല്‍ മാലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്ന വിധത്തില്‍ ചരിത്രത്തെയും വസ് തുതകളെയും വികലമാക്കുകയാണ് പലരും. ഈ ഘട്ടത്തില്‍ മാലയുടെ സംരക്ഷണം മുസ്ലിം സമുദായത്തിന്റെ ബാധ്യതയാണ്. ഖാളി മുഹമ്മദിന്റെ പാരമ്പര്യമവകാശപ്പെടുന്നവര്‍ പോലും മുഹ്യിദ്ദീന്‍മാല വിസ്മരിക്കുകയാണ്. ഈവിധം മാല ഒറ്റപ്പെടുത്തപ്പെടുകയും അപഹസിക്കപ്പെടുകയും അപകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ദുസ്ഥിതിയില്‍ നിന്ന് സമുദായത്തെയും ചരിത്രത്തെയും സംരക്ഷിക്കാന്‍ മനസാക്ഷിയുള്ള ചരിത്രകാരന്മാരും പണ്ഢിത മഹത്തുക്കളും സംഘടനാനേതൃത്വവും മുന്‍കയ്യെടുക്കുമെന്ന് പ്രത്യാശിക്കാം.

ബീഫ് കഴിക്കുന്നവര്‍ ജാഗ്രതൈ

Inline image 1