ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ഒക്‌ടോബർ 11

വിവരാവകാശ നിയമം: വേലികള്‍ ഉയരുമ്പോള്‍


ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍വന്നിട്ട് ആറുവര്‍ഷം തികയുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ടുചെന്ന് ഫയലുകളും മറ്റു രേഖകളും പരിശോധിക്കാനും അവയുടെ പകര്‍പ്പെടുക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഈ നിയമം, സ്വതന്ത്രഭാരതത്തിലെ ഏറ്റവും വിപ്ലവകരമായ നിയമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2 ജി. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങി ഉന്നതങ്ങളില്‍ നടന്ന പല അഴിമതികളും പുറത്തറിഞ്ഞത് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണ്. സാധാരണ ജനങ്ങള്‍ അവരുടെ കാര്യസാധ്യത്തിനായി അധികാരികള്‍ മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷകളും പരാതികളും ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും തീര്‍പ്പാക്കിവരുന്നു എന്നുള്ളതിന് ഈ നിയമത്തോടുംകൂടി കടപ്പെട്ടിരിക്കുന്നു. അതേസമയം, വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സി.ബി.ഐ. (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), എന്‍.ഐ.എ. (നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി) എന്നീ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്.

രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാസ്ഥാപനങ്ങളെയും നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമത്തിലെ 24-ാം വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് സി.ബി.ഐ., എന്‍.ഐ.എ. എന്നിവയെ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 25 കേന്ദ്രസ്ഥാപനങ്ങളെയും കേരളത്തില്‍ എട്ട് സംസ്ഥാന സ്ഥാപനങ്ങളെയും ഈ വകുപ്പുപ്രകാരം നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സി.ബി.ഐ.യും എന്‍.ഐ.എ.യും ഉള്‍പ്പെടെ, ഈ പട്ടികകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള പല സ്ഥാപനങ്ങളും രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളല്ലെന്ന ശക്തമായ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സി.ബി.ഐ.യും എന്‍.ഐ.എ.യും അടിസ്ഥാനപരമായി കുറ്റാന്വേഷണ ഏജന്‍സികളാണ്. സംസ്ഥാനങ്ങളിലെ പോലീസ് സേന നടത്തുന്ന കുറ്റാന്വേഷണത്തിന് സമാനമായ പ്രവര്‍ത്തനമാണ് ദേശീയതലത്തില്‍ ഇവര്‍ നടത്തുന്നത്. എല്ലാ കുറ്റാന്വേഷണ ഏജന്‍സികളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും കൈകാര്യം ചെയ്‌തെന്നിരിക്കും. മുകളില്‍പ്പറഞ്ഞ കുറ്റാന്വേഷണ ഏജന്‍സികളെ കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള കസ്റ്റംസ്, ആദായനികുതി, എകൈ്‌സസ്, വില്പനനികുതി, വനം തുടങ്ങി പല വകുപ്പുകളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കടന്നുവന്നേക്കാം. ഇപ്രകാരം എന്തെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണങ്ങളോ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ നടത്തുന്ന സ്ഥാപനങ്ങളെ 24-ാം വകുപ്പുപ്രകാരം ഒഴിവാക്കാമെന്നുവന്നാല്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഴിവാക്കപ്പെട്ട കേന്ദ്ര സ്ഥാപനങ്ങളുടെ എണ്ണം 2005-ല്‍ 18 ആയിരുന്നത് ഇപ്പേള്‍ 25 ആയി ഉയര്‍ന്നിട്ടുണ്ട്.

സി.ബി.ഐ., എന്‍.ഐ.എ. തുടങ്ങിയ സ്ഥാപനങ്ങളുടെ കൈവശമുള്ള പല വിവരങ്ങളും പുറത്തുനല്‍കുന്നത് രാജ്യതാത്പര്യത്തിന് ദോഷകരമായിത്തീരുമെന്നതാണ് ഈ സ്ഥാപനങ്ങളെ ഒഴിവാക്കിയതിന് ന്യായീകരണമായി പറയുന്നത്. എന്നാല്‍, ഈ വാദത്തില്‍ കഴമ്പില്ലെന്ന് കാണാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, പരമാധികാരം, തന്ത്രപരവും ശാസ്ത്രപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ തുടങ്ങിയവയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ 8 (1) വകുപ്പുപ്രകാരം വെളിപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും വ്യക്തികളുടെ ജീവനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന വിവരങ്ങള്‍, നീതിനിര്‍വഹണവുമായോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട് രഹസ്യമായി ലഭിച്ച വിവരങ്ങള്‍, കുറ്റാന്വേഷണത്തിനോ കുറ്റവാളികളുടെ അറസ്റ്റിനോ പ്രോസിക്യൂഷനോ തടസ്സമാകാവുന്ന വിവരങ്ങള്‍, വിദേശരാജ്യങ്ങളില്‍നിന്ന് രഹസ്യമായി ലഭിച്ച വിവരങ്ങള്‍ തുടങ്ങി രാജ്യതാത്പര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കോളിളക്കം സൃഷ്ടിച്ച പല അഴിമതികളും പുറത്തറിഞ്ഞത്, അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയപ്പോഴാണ്. ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതികളുമായി ബന്ധപ്പെട്ട് ഇനിയും സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ പുറത്തായാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ ധൃതിപിടിച്ച തീരുമാനമെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രസര്‍ക്കാറിലെ തന്നെ പേഴ്‌സണല്‍, നിയമവകുപ്പുകളുടെ എതിരഭിപ്രായത്തെ അവഗണിച്ചുകൊണ്ടാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്. (വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്).

ഭരണഘടനയുടെ 19 (എ) (1) അനുച്ഛേദം രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ചുനല്‍കുന്ന മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തില്‍ അറിയാനുള്ള അവകാശവും അടങ്ങിയിട്ടുണ്ട് എന്ന സുപ്രീംകോടതി വിധിയാണ് വിവരാവകാശ നിയമം യാഥാര്‍ഥ്യമാകാന്‍ സഹായിച്ച പ്രധാന ഘടകം. രാജ്യ താത്പര്യങ്ങള്‍ക്ക് ഹാനികരമാകാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കെ, രാജ്യ താത്പര്യത്തിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അധികാരം നല്‍കുന്ന 24-ാം വകുപ്പിന് നിയമസാധുതയില്ലെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ട്. 24-ാം വകുപ്പിന്റെ നിയമസാധുതയെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു റിട്ട് ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. ഈ റിട്ട് ഹര്‍ജിയിലെ വിധി വിവരാവകാശത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

നിയന്ത്രിക്കാന്‍ എപ്പോഴും ശ്രമം

വിവരാവകാശനിയമം നടപ്പില്‍ വന്നത് 2005 ഒക്ടോബര്‍ 12-നാണ്. അധികം താമസിയാതെ തന്നെ, നിയമത്തിലെ പല വ്യവസ്ഥകള്‍ക്കും തെറ്റായ വ്യാഖ്യാനം നല്‍കി, അവകാശത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ആരംഭിക്കുകയുണ്ടായി. സര്‍ക്കാര്‍ ഫലയുകളില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ (ഫയല്‍ കുറിപ്പുകള്‍ അഥവാ നോട്ടുഫയല്‍) വെളിപ്പെടുത്തേണ്ടതില്ലെന്ന് 2006-ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് ഇതിന് തുടക്കമിട്ടത്. ഇത്തരമൊരു നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമാണെന്ന് ശക്തമായ ആക്ഷേപം ഉണ്ടാകുകയും നിര്‍ദേശം പിന്‍വലിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നു. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പലവട്ടം നീക്കങ്ങള്‍ നടത്തിയെങ്കിലും പൗരസമൂഹം പൊതുവെയും വിവരാവകാശ പ്രവര്‍ത്തകര്‍ വിശേഷിച്ചും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുമൂലം അവ നടക്കാതെ പോയി.

കേരളത്തില്‍

കേരളത്തില്‍, മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, മന്ത്രി പി.ജെ. ജോസഫിന്റെ വിവാദ വിമാനയാത്രയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം, മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ വെളിപ്പെടുത്തുന്നതിനോട് കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന് കടുത്ത വിയോജിപ്പായിരുന്നു. സംസ്ഥാന വിവരാവകാശകമ്മീഷനും ചില കേസുകളില്‍ ഹൈക്കോടതിയും ഇടപെട്ടശേഷമാണ് അപേക്ഷകര്‍ക്ക് വിവരം ലഭിച്ചത്.

സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയും ഫിംഗര്‍പ്രിന്റ് ബ്യൂറോയും രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണമോ സുരക്ഷാപ്രവര്‍ത്തനമോ നടത്തുന്നില്ലെന്നും അവ സംസ്ഥാന പോലീസ് നടത്തുന്ന കുറ്റാന്വേഷണങ്ങള്‍ക്ക് സഹായം നല്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണെന്നുമുള്ള ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ ക്രൈംറെക്കോഡ്‌സ് ബ്യൂറോ, ക്രൈംബ്രാഞ്ച് തുടങ്ങിയ ആറു വിഭാഗങ്ങളെ രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളായി കണക്കാക്കി നിയമത്തില്‍നിന്ന് ഒഴിവാക്കിയത് നിയമാനുസൃതമാണെന്ന് കണക്കാക്കാനാകില്ല. ഒരു സ്ഥാപനത്തിന്റെ ഏതെങ്കിലും വിഭാഗത്തെ മാത്രമായി ഒഴിവാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പരാതികള്‍ക്കിടവരുത്തുകയും ചെയ്യും. സംസ്ഥാന പോലീസിന്റെ വിവിധ ഓഫീസുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പലപ്പോഴും ലഭിക്കുന്ന മറുപടി, ആവശ്യപ്പെട്ട വിവരം ഒഴിവാക്കപ്പെട്ട വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്തിരിക്കുന്നുവെന്നാണ്. ഈ വിധത്തില്‍ വിവരം നിരസിച്ചതിനെക്കുറിച്ചുള്ള അനേകം പരാതികള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്.

കോടതികളില്‍ തടസ്സം

വിവരാവകാശനിയമം ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കേരള ഹൈക്കോടതി രൂപവത്കരിച്ചിട്ടുണ്ട്. കോടതി നടപടികളെയും നയപരമായ കാര്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഈ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

വിവരാവകാശനിയമപ്രകാരം പൗരന്മാര്‍ക്ക് ലഭിക്കാന്‍ അവകാശമുള്ള വിവരങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിച്ച ചട്ടങ്ങളിലൂടെ നിരസിച്ചിരിക്കുന്നത്. ഒരു നിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിക്കേണ്ടതെന്നിരിക്കെ ഇവിടെ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫലത്തില്‍ വിവരാവകാശ നിയമപ്രകാരം കേരള ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സമര്‍പ്പിക്കുന്ന മിക്കവാറും അപേക്ഷകള്‍ ഹൈക്കോടതി ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരസിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ചട്ടങ്ങളെക്കുറിച്ചും ശക്തമായ ആക്ഷേപമാണുള്ളത്.

സംസ്ഥാന നിയമസഭയില്‍ ഒരു സഭാംഗം (ടി.എം. ജേക്കബ്) ചെയ്ത പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെടുകയുണ്ടായി. ഒരു സഭാംഗത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് പുറത്തുനല്കുന്നത് സഭയുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനമാകുമെന്ന് സഭ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം നിരസിച്ചത്. സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുകയോ ജനപ്രതിനിധി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് അവകാശലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. സഭാംഗങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ സഭയില്‍ പ്രസംഗിക്കുന്നത്. ആ പ്രസംഗം ജനങ്ങള്‍ കണ്ടാല്‍ സഭാംഗത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുമെന്നോ സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിന് കോട്ടമുണ്ടാകുമെന്നോ എങ്ങനെയാണ് കരുതുക?

പക്ഷേ, അവകാശലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം നമ്മുടെ ഭരണഘടന അനുസരിച്ച് ബന്ധപ്പെട്ട സഭയ്ക്കായതിനാല്‍ വിവരാവകാശ കമ്മീഷനോ കോടതിക്കോ ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല.

വിവരാവകാശനിയമം പാര്‍ലമെന്റ് ഐകകണേ്ഠ്യന പാസ്സാക്കിയ നിയമമാണ്. കക്ഷിഭേദമെന്യേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ വക്താക്കളാകാറുണ്ട്. എന്നാല്‍, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണം കൈയാളുന്ന അവസരമുണ്ടാകുമ്പോള്‍, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ തടസ്സപ്പെടുത്തുന്ന സമീപനമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനും ശക്തമായി പ്രതിരോധിക്കാനും സാധിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായ വിവരാവകാശത്തിന്റെ ശക്തി ചോര്‍ന്നുപോകാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ