ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, മാർച്ച് 28

ഉള്ളിൽ സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പ്... ------------

മൂന്ന് മണിക്ക് എഴുനേറ്റ് ഇടയത്താഴം കഴിച്ചു സുബഹി നമസ്കാരവും ഓതലും ഒക്കെ കഴിഞ്ഞു ഒന്ന് വെറുതെ കിടക്കാമെന്ന് കരുതി കിടന്നതാണ്... കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര...  കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പും പിടിച്ചോണ്ട് ഈ ഉമ്മ ഉച്ചയ്ക്ക് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു...  പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ വാപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു..

 "ആരാ ഉമ്മാ അത്..."

"അതോ...  അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഒരു ആന്റിയാ..."

ഉമ്മ ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം. 

"ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ... എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു. 

ഉം...  മരുമോളല്ല മോൾ തന്നെയാ..." എന്ന് ഉമ്മ പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു.

"മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം."

ഞാൻ അവരെ നോക്കി ചിരിച്ചു.

"ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.  അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു.  ഇവിടത്തെ മോൻ വന്നില്ലേ..."

"ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..."

"പോവാറായോ... "
"ഇല്ല ഒരുമാസം കൂടെ കാണും..."

"ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ ഉമ്മ അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ....  രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്‌..."

"കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ...

ഉമ്മ വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു...

"ഉമ്മ വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്‌...  വെറുതെ പൈസ വാങ്ങി കഴിച്ചു ശീലമില്ല...  അതാ... എനിക്ക് സന്തോഷമേ ഉള്ളൂ...  എന്നെകൊണ്ട്‌ ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ...
ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി. 

ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി. 

ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി. 

"അതാരാ ഉമ്മാ... ആ കുട്ടി..."

"അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..."

ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു...

എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു.

"ഇങ്ങ് വന്നേ ചോദിക്കട്ടെ..."

"ചെല്ല്...  മാമി വിളിക്കുവല്ലേ..."

അവൻ മടിച്ചു നിൽക്കുന്നത് കണ്ട്‌ ആ അമ്മൂമ്മ അവനോട് പറഞ്ഞു...

മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു. 

എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത്‌ ഇട്ടിരിക്കുന്ന ഷർട്ട്.  മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം.

"മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു...

"വിഷ്ണു..."

"വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട്‌ പോകാം...  ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. "

ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു.

"വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... "

"എനിക്ക് ചെരുപ്പ് ഇല്ല..."

അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്...  ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത്‌ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...

"വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..."

"ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..."

"വിഷ്ണുവിന് എത്ര വയസ്സായി... "

"നാല്..."

"ഉം..."

ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി...

"വിഷ്ണു വല്ലതും കഴിച്ചോ..."

"വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..."

"അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..."

"ഇല്ല....  അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്...

ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു... 

"എനിക്ക് വേണ്ട മാമി.... ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... "

"അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..."

നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി... 

"അമ്മേ.... ഒന്നിങ്ങു വന്നേ... "

കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു.

"എന്താ മോളെ....

"അമ്മ വല്ലതും കഴിച്ചാരുന്നോ..."

അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി...
ഒരു മൂളലിൽ ഉത്തരം ഒതുക്കി.

"എന്തിനാ കള്ളം പറയുന്നേ....  നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... "

"അത് മോളെ...."

"ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..."

"എന്തിനാ മോളെ...  എനിക്ക് ഒന്നും വേണ്ട..."

 "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട...  വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ...

ഞാൻ അകത്തേയ്ക്ക് പോയി ഉമ്മയോട് കാര്യം പറഞ്ഞു...

"എന്റെ പടച്ചോനേ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..."

"ഞാൻ വിളിച്ചുമ്മാ... ഇരുന്ന അപ്പം ഞാൻ അവന് കൊടുത്തു."

 "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." ഉമ്മ പറഞ്ഞു...

ഉമ്മാ അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട്‌ വന്നു. 

"അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട...  ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..."

"അവന് ഞാൻ കൊടുത്തു...  ആന്റി ഇങ്ങോട്ട് കയറി വരീൻ..."

"വേണ്ട മോളെ...  ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..."

"നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... "ഉമ്മ അവരോടു ചോദിച്ചു...

"അത് മോളെ...  നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..."

"അമ്മ ഇങ്ങോട്ട് കയറി വന്നേ..."

"വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..."

വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു ഉമ്മ ആന്റിയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു.  ഓരോ ഗ്ലാസ്‌ ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു.  അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി.

"ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..."

"ഓ... മോളെ ഒരാളെ ഉള്ളൂ... "

"ഇവന്റെ അമ്മയും അച്ഛനുമോ...."

നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി...

"ക്ഷമിക്കണം... ഞാൻ അറിയാതെ..."

"അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ  ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..."
         
"അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും.  രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു.  അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ...  ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..."

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.  കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ ഉമ്മ അടുക്കളയിലേക്ക് പോയി.

"എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല.  വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട്‌ സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്.  എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..."

ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി...

"എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട്‌ ഉള്ളൂ... " "എല്ലാം ശരിയാകും... ആന്റി കരയാതെ ഇത് കഴിക്ക്..."  എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം...

ഞാൻ ചെല്ലുമ്പോൾ ബോൾ തട്ടി കളിക്കുവായിരുന്നു അവൻ..

"വിഷ്ണു..."

ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു. 

"വിഷ്ണു ഇങ്ങ് വന്നേ..."

ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു.  മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു.

"വേണ്ട മാമി...  അമ്മാമ്മ വഴക്ക് പറയും .."

"അമ്മാമ്മ ഒന്നും പറയില്ല.. "

അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി...

"അമ്മാമ്മ ആ മാമി തന്നതാ...."

"നീ അത് തിരിച്ചു കൊടുക്ക് മോനെ..."

"തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്...  അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ....  "

അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...  ഉമ്മ അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി.

ഞാൻ അലമാര തുറന്ന് മോന് പെരുന്നാൾ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് ഉമ്മാടടുത്തേയ്ക്ക് ചെന്നു. 

"ഉമ്മാ ഞാൻ ഇത് അവന് കൊടുത്തോട്ടെ..."

"എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു..  ദാ ഇതും കൂടെ കൊടുക്ക് മോളെ..."

എന്നും പറഞ്ഞു കുറച്ചു പൈസ ഉമ്മ എന്റെ കൈയിൽ തന്നു.

"ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്...  നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്... പടച്ചോനും അത് തന്നെയാ പറഞ്ഞേക്കുന്നത്.. "

ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു..

"എന്താ മോളെ ഇത്..."

"ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്...  വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..."

ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..

"അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്..  വീട്ടിലേക്ക്  സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... "

ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... ഉമ്മ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു.

"കരയണ്ട...  നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..."

"നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..."

"മോനെയും കൂട്ടി പെരുന്നാളിന് വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " ഉമ്മ പറഞ്ഞു....

അവർ അതുംകൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു..

അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം പെരുന്നാൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്.

"പെരുന്നാളിന് പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... "
എന്നും പറഞ്ഞു ഞാൻ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്...
************

വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ആള് തന്നെയാണ് ഞാനും.  ഞാൻ ഇവിടെ ഇത് പറഞ്ഞത് കൊണ്ട് ആ ചെയ്ത നന്മയുടെ പുണ്യം എല്ലാം എനിക്ക് നഷ്ടപ്പെടും.   എന്നാലും ഈ എഴുത്ത് വായിച്ചു ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് മതി എനിക്ക്..  വില കൂടിയ ഭക്ഷണവും ഡ്രസ്സ് എടുക്കാനും, അടിച്ചുപൊളിക്കാനും നമ്മൾ മാറ്റി വയ്ക്കുന്ന പണത്തിന്റെ ഒരംശം ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവന് വേണ്ടി മാറ്റി വെയ്ക്കുക.

കടപ്പാട്..
ആരെഴുതിയതെന്ന് അറിയില്ല....
ജീവിതയാത്രയിൽ നാമെല്ലാവരും വഴിയാത്രക്കാരാണ്... കൂട്ടി വെച്ച സമ്പാദ്യവും ,പണവും ,ആർക്കും ഉപകരിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ