ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, ഏപ്രിൽ 2

മലയാളി വിദ്യാര്‍ഥി പൊള്ളലേറ്റ് മരിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

ബാംഗ്ലൂര്‍: കോളജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റതിനെത്തുടര്‍ന്ന് മലയാളി എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളജിലെ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയാണ് ചിക്ജാല പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഹോസ്റ്റലിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ ഒളിവിലാണെന്നും സൂചനയുണ്ട്. മലയാളികളായ നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അജ്മലിനെ റാഗിങ് നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ, ഈ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാറിനോട് ആശ്യപ്പെടുമെന്ന് ബാംഗ്ലൂരിലെത്തിയ കേരള വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

ചിക്കബല്ലാപൂര്‍ ശാഷിബ് എന്‍ജിനിയറിങ് കോളജ് ഒന്നാംവര്‍ഷ ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കണ്ണൂര്‍ കാപ്പാട് മബ്‌റൂഖില്‍ ഹാരിസിന്റെ മകനുമായ അജ്മലാണ് (17) വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ബാംഗ്ലൂര്‍ വിക്ടോറിയ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും ബാംഗ്ലൂരിലെത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കെ.എം.സി.സി, എം.എം.എ. ഭാരവാഹികളുടെ സഹായത്തോടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. മന്ത്രി അബ്ദുറബ്ബ്, എന്‍.എ.ഹാരിസ് എം.എല്‍.എ., മലബാര്‍ മുസ്‌ലീം അസോയിയേഷന്‍ പ്രസിഡന്‍റ് എന്‍.എ. മുഹമ്മദ്, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് തുടങ്ങിയവരും അജ്മലിന്റെ സഹപാഠികളും ആസ്പത്രിയില്‍ അന്ത്യോപചാരമര്‍പ്പിച്ചു.

അതേസമയം, സംഭവത്തിലെ ദുരൂഹത തുടരുകയാണ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്നാണ് അജ്മലിന് പൊള്ളലേറ്റതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍, റാഗിങ് നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. ആസ്പത്രിയിലെത്തി അജ്മലില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ടെങ്കിലും തീവെച്ചത് വിദ്യാര്‍ഥികളാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നാണ് പോലീസിന്റെ നിലപാട്.

കഴിഞ്ഞ 22-ന് ഹോസ്റ്റലിലെ കുളിമുറിയില്‍വെച്ചാണ് അജ്മലിന് പൊള്ളലേറ്റത്. ആദ്യത്തെ രണ്ട് കുളിമുറികളില്‍ കയറിയപ്പോള്‍ തിന്നറിന്റെ മണം അനുഭവപ്പെട്ടതായി അജ്മലിന്റെ മൊഴിയിലുണ്ട്. പിന്നീട് മൂന്നാമത്തെ കുളിമുറിയില്‍ കയറിയപ്പോള്‍ തീ കണ്ടതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തെന്നിവീണ് ശരീരത്തില്‍ തീപിടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവദിവസം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചതായി അജ്മലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ഊര്‍ജിത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകളും രംഗത്തെത്തി. നേരത്തേ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമാക്കിയെന്ന് അജ്മല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും എം.എം.എ. പ്രസിഡന്‍റ് എന്‍.എ. മുഹമ്മദ് ആവശ്യപ്പെട്ടു. മറുനാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ