ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, മാർച്ച് 28

ലോക്പാല്‍ ബില്‍: സമവായമായില്ല, സര്‍വകക്ഷിയോഗം പരാജയപ്പെട്ടു

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം സമവായത്തിലെത്താനാകാതെ പിരിഞ്ഞു. യോഗം പരാജയപ്പെട്ടതോടെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാകില്ലെന്ന് ഉറപ്പായി. എന്നാല്‍, ബില്ലില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് രാജ്യസഭയിലെ കക്ഷികളുടെ സമിതി രൂപവത്കരിക്കാന്‍ ധാരണയായി. മൂന്നാഴ്ചക്കുള്ളില്‍ വീണ്ടും ചര്‍ച്ചചെയ്ത് പ്രതിപക്ഷ നിര്‍ദേശങ്ങളില്‍ അഭിപ്രായ സമന്വയമുണ്ടാക്കാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്.

ലോകായുക്ത നിയമനവും സര്‍ക്കാരുമായി സഹകരിക്കുന്ന എന്‍.ജി.ഒകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഏത് അഴിമതി അന്വേഷണവും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയുടെ പരിഗണനയിലുളള ബില്ലിന്‍മേല്‍ തൊണ്ണൂറ്റി ഏഴോളം ഭേദഗതികളാണ് പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സി.പി.ഐ നേതാവ് എ.ബി. ബര്‍ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക്‌സഭ പാസാക്കിയ ബില്ല് രജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പിന്‍വലിക്കുകയായിരുന്നു. ബില്ല് പാസാക്കിയില്ലെങ്കില്‍ നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമവായം രൂപീകരിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആയുധ ഇടപാടില്‍ അടിമുടി അഴിമതി; വിവാദ കൊടുങ്കാറ്റുയര്‍ത്തി വി.കെ സിങ്, സി.ബി.ഐ അന്വേഷണം

indian-army

ന്യൂദല്‍ഹി: കോടികള്‍ മറിയുന്ന ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്റെ വെളിപ്പെടുത്തല്‍. സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് സിങ്ങിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.
ജനനതീയതി സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായുള്ള തര്‍ക്കം കെട്ടടങ്ങുംമുമ്പാണ് ജനറല്‍ വി.കെ സിങ്ങ് പുതിയ വിവാദത്തിന് വഴിതെളിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. കരസേനയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയാല്‍ 14 കോടി രൂപ ഇടനിലക്കാര്‍ കോഴയായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം താന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ‘ദ ഹിന്ദു’വിന് അനുവദിച്ച അഭിമുഖത്തില്‍ സിംങ് വ്യക്തമാക്കുന്നു.
‘സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയാല്‍ കോഴ നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. സൈന്യത്തില്‍ മുന്‍കാലങ്ങളില്‍ വാങ്ങിയ നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. അന്യായവില കൊടുത്താണ് മുന്‍ വര്‍ഷങ്ങളില്‍ ഇവ വാങ്ങിയിരുന്നതെന്നും ജനറല്‍ സിംങ് തുറന്നടിച്ചു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കാന്‍ ശരിയായ മാര്‍ഗ്ഗത്തിലുള്ള ഒരു സംവിധാനവും ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ച സിംഗ്, തന്നെ സന്ദര്‍ശിച്ച ഇടപാടുകളില്‍ ഒരാള്‍ പണം എടുത്ത് തന്റെ മുന്‍പില്‍ വച്ചുവെന്നും വ്യക്തമാക്കി.
‘ഈ സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞു. ഇടപാടുകാര്‍ക്കൊപ്പമെത്തിയവരില്‍ ഒരാള്‍ സൈനികനായിരുന്നു. അയാള്‍ അടുത്തകാലത്താണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഇക്കാര്യങ്ങള്‍ താന്‍ ആന്റണിയോട് വ്യക്തമാക്കി. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തയാളാണ് താനെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താന്‍ പുറത്തുപോകാമെന്ന് ആന്റണിയെ അറിയിച്ചു’- സിങ് വ്യക്തമാക്കി.
സിങ്ങിന്റെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളേയും സ്തംഭിപ്പിച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സഭകള്‍ ഉച്ചവരെയ്ക്ക് നിര്‍ത്തിവെച്ചു. ഗുരുതരമായ വിഷയമാണ് ഇതെന്ന് സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ബി.ജെ.പിയുടെ എം.പി. പ്രകാശ് ജാദവേക്കറാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. അഴിമതിയില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. മാര്‍ച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ.സിങ് കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്. നേരത്തെ ജനനത്തീയതി തിരുത്തല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ആളാണ് ജനറല്‍ വി.കെ.സിങ്.

തിങ്കളാഴ്‌ച, മാർച്ച് 26

അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം


വേങ്ങര: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യവസായ മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. 28-ാം തിയ്യതിയിലെ യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ മന്ത്രിമാരെ തടയുമെന്ന് പ്രതിഷേധിച്ച് യൂത്ത് ലീഗുകാര്‍ മുന്നറിയിപ്പു നല്‍കി.
മുസ്ലിം ലീഗില്‍ ആഭ്യന്തരപ്രശ്‌നം രൂക്ഷമായിരിക്കുകയാണിപ്പോള്‍. കാസര്‍ഗോഡും കണ്ണൂരിലുമെല്ലാം പ്രവര്‍ത്തകര്‍ നേതാക്കളെ തടഞ്ഞിരുന്നു. നേരത്തെ, കൊച്ചിയില്‍ നടന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരു വിഭാഗം ബഹളമുണ്ടാക്കി യോഗം അലങ്കോലപ്പെടുത്തിയിരുന്നു. ലീഗ് അംഗത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് യോഗം വേഗത്തില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് യോഗം നടന്നിടത്തു നിന്നും പുറത്തു വന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരെ ചിലര്‍ മുദ്രാവാക്യം വിളിച്ചു. കുടുംബ വാഴ്ച അവസാനിപ്പിക്കുക, ഏകാധിപത്യം അവസാനിക്കുക എന്നുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്ന കാര്യം സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേസമയം, ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപപ്പെട്ടതായി സൂചനയുണ്ട്. മേയില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുമ്പോള്‍ അതിലൊന്ന് നല്‍കി ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ രാജ്യസഭാ സീറ്റിന് മാണി ഗ്രൂപ്പും അവകാശം ഉന്നയിക്കുന്നതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാകും.

വ്യാഴാഴ്‌ച, മാർച്ച് 22

കോടതി വിധി


പുതിയ രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തി


നമ്മള്‍ പഠച്ചു വെച്ച രക്തഗ്രൂപ്പുകളുടെ പേരുകളുടെ പട്ടിക വിപുലപ്പെടുത്താന്‍ സമയമായിരിക്കുന്നു. A, B, AB, O എന്നീ രക്ത ഗ്രൂപ്പുകളെ മാത്രമെ എല്ലാവര്‍ക്കും രക്തഗ്രൂപ്പുകള്‍ എന്ന പേരില്‍ അറിയുകയുള്ളു. എന്നാല്‍ അത് തിരുത്താന്‍ സമയമായിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്ന രക്തഗ്രൂപ്പുകള്‍ ലാഞ്ചെറീസ് (Langereis), ജൂനിയര്‍ (Junior) എന്നിവയാണ്. സാധാരണ എല്ലാവര്‍ക്കു മറിയുന്ന ഗ്രൂപ്പുകളെ മാത്രം പരിഗണിച്ച് ഇവയ്ക്ക് പുറത്തുള്ള ഗ്രൂപ്പുകളെ ഗൗരവമായി പരിഗണിക്കാത്തതാണ് രക്തം മാറ്റത്തിനിടെ ഉണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണം എന്ന് ഗവേഷകര്‍ പറയുന്നു.
ജൂണിയര്‍ നെഗറ്റീവ് രക്തം അപൂര്‍വമാണെന്നും ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജപ്പാനിലെയും യൂറോപ്പിലെയും ജിപ്‌സികള്‍ക്കിടയിലാണ് പുതിയ രക്ത വിഭാഗങ്ങള്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. ജപ്പാനില്‍ 50,000ത്തോളം പേര്‍ ജൂനിയര്‍ നെഗറ്റീവ് വിഭാഗത്തില്‍ (Junior -ve)ഉണ്ടെന്നാണ് കണക്കുകള്‍. സ്താനാര്‍ബുദം അടക്കമുള്ള അര്‍ബുദ ഗവേഷണത്തിന് പുതിയ രക്ത ഗ്രൂപ്പുകളുടെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ രക്തവിഭാഗങ്ങള്‍ കൂടി കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഡഫി, കിഡ്, ഡിയാഗോ എന്നിവ അടക്കം 28 തരം രക്തങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരമുളളത്. പുതിയ കണ്ടെത്തല്‍ ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ക്കാന്‍ സഹായകമാകും.
ലാഞ്ചെറീസ്, ജൂനിയര്‍ എന്നീ രക്ത വിഭാഗങ്ങള്‍ക്ക് കാരണമാകുന്ന മാംസ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. വെര്‍മൗണ്ട് സര്‍വകലാശാലയിലെ ബ്രയാന്‍ ബല്ലിഫും സംഘവുമാണ് മാംസ്യങ്ങലെ കണ്ടെത്തിയിരിക്കുന്നത്.

പ്രപഞ്ചം സൃഷ്ടിച്ചത് അദൃശ്യ ശക്തി; ശാസ്ത്രജ്ഞനെ നാസ പുറത്താക്കി


ലോസ്ആഞ്ചലസ്: പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിപ്പിന് പിന്നില്‍ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന് വാദിച്ച ശാസ്ത്രജ്ഞനെ നാസയില്‍ നിന്നും പുറത്താക്കി. അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ നാസയുടെ ശനി ഗ്രഹ പര്യവേക്ഷണ പദ്ധതിയായ കസ്സിനിയുടെ മുഖ്യ പ്രവര്‍ത്തകരിലൊരാളായ ഡേവിഡ് കോപെഡ്ജിനെയാണ് നാസ പുറത്താക്കിയത്.
പരിണാമ സിദ്ധാന്തത്തിനെതിരായി സൃഷ്ടിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇന്റലിജന്‍സ് ഡിസൈന്‍ സിദ്ധാന്തത്തിന്റെ വക്താവാണ് ഡേവിഡ് കോപെഡ്ജ്. ഇതുസംബന്ധിച്ച വാദഗതികള്‍ ഇദ്ദേഹം നാസയിലെ തന്റെ സഹപ്രവര്‍ത്തകരുടെ മുമ്പാകെ അവതരിപ്പിക്കുകയും ഇതിനെക്കുറിച്ച് വിശദീകരിക്കുന്ന ഡി.വി.ഡികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ 2009ല്‍ കസ്സിനി പദ്ധതിയുടെ നേതൃസ്ഥാനത്തുനിന്ന് കോപെഡ്ജിനെ നാസ നീക്കിയിരുന്നു.
ഇതിനെതിരെ കോപെഡ്ജ് കോടതിയില്‍ പരാതി നല്‍കി. എന്നാല്‍, സഹപ്രവര്‍ത്തകരുടെ മതവികാരം വ്രണപ്പെടുത്തുംവിധം പ്രവര്‍ത്തിച്ചുവെന്നാണ് നാസ കോടതിയില്‍ വാദിച്ചത്. ലോസ് ആഞ്ജലസ് കോടതിയാണ് കേസ് പരിഗണനക്കെടുത്തത്.
പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സൃഷ്ടിക്കും നിലനില്‍പിനും പിന്നില്‍ ഒരു അദൃശ്യ ശക്തിയുണ്ടെന്ന വാദമാണ് ഇന്റലിജന്‍സ് ഡിസൈന്‍ സിദ്ധാന്തം. ഡാര്‍വിനിസത്തെയും പരിണാമവാദത്തെയും ഈ സിദ്ധാന്തം എതിര്‍ക്കുന്നു.
മുമ്പും ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുള്ളതായി ഡിസ്‌കവറി ഇന്‍സ്റ്റിറ്റിയൂട്ടിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് കള്‍ചര്‍ അസോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ വെസ്റ്റ് പറയുന്നു. ഡാര്‍വിനിസത്തിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ യൂറോപ്പിലും യു.എസിലും പരോക്ഷ യുദ്ധം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേരത്തേ, ഡാര്‍വിനിസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സൃഷ്ടിവാദികള്‍ രംഗത്തെത്തിയിരുന്നു.

ദേശീയതലത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റമുണ്ടാകണം: എസ് എസ് എഫ് സൗത്ത് സോണ്‍ മീറ്റ് മുഹമ്മദ്



കാസര്‍കോട്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിദ്യാഭ്യാസ-സാമൂഹിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ദേശീയതലത്തില്‍ ക്രിയാത്മക മുന്നേറ്റങ്ങളുണ്ടാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട്ട് നടന്ന എസ് എസ് എഫ് സൗത്ത് സോണ്‍ മീറ്റ് സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പണ്ഡിതനേതൃത്വത്തിന്‍ കീഴില്‍ ശക്തമായ പ്രവര്‍ത്തനം വഴി നേടിയെടുത്ത വിദ്യാഭ്യാസപരവും ധാര്‍മികവും സാമ്പത്തികവുമായ അഭിവൃദ്ധി മാതൃകാപരമാണ്. ഈ മാതൃകയില്‍ അഖിലേന്ത്യാ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണം. മാനവികതയെ ഉണര്‍ത്തുന്നതിനായി കേരളത്തിലെ സുന്നി സംഘടനകള്‍ തുടങ്ങിയ ദൗത്യം രാജ്യവ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് , അന്തമാന്‍ നിക്കോബര്‍, ലക്ഷദീപ് മേഖലകളില്‍ എസ് എസ് എഫ് പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് മീറ്റ്. റിവ്യൂ ഡിസ്‌കഷന്‍, വിഷന്‍ 2013, ഡ്രീം പ്രോജക്ട്, ഇസ്‌ലാമിക് ദഅ്‌വ, അന്താരാഷ്ട്ര വീക്ഷണം, തുടങ്ങിയ സെഷനുകള്‍ക്ക് എം മുഹമ്മദ് സാദിഖ്, അബ്ദു റൗഫ്, ആര്‍ പി ഹുസൈന്‍,വി പി എം ബശീര്‍, എന്‍ എം സാദിഖ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി. യോഗം എസ് എസ് എഫ് ദേശീയ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സഖാഫി നേതൃത്വം നല്‍കി.സൗത്ത് സോണ്‍ ചെയര്‍മാന്‍ അബ്ദുറഷീദ് സൈനി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രധിനീകരിച്ച് കെ അബ്ദുല്‍ കലാം (കേരള) സിദ്ദീക് മുന്‍ടുഗോളി(കര്‍ണാടക) മുഹിദ്ദീന്‍ സഖാഫി(തമിഴ്‌നാട്) മുഹമ്മദ് സാദിഖ്(ആന്ധ്ര)കെ കെ ശമീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ മൂസ സഖാഫി കളത്തൂര്‍, മജീദ് അരയല്ലൂര്‍, എ എ ജാഫര്‍ പ്രസംഗിച്ചു. ബശീര്‍ ചെല്ലക്കൊടി സ്വാഗതവും ആര്‍ പി ഉസൈന്‍ നന്ദിയും പറഞ്ഞു